- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസിന് എതിരായ കേസിലും പി വി അൻവറിന് തിരിച്ചടി; എക്‌സിക്യൂട്ടീവ് എഡിറ്റർ അടമുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി തള്ളി; ചോദ്യം ചെയ്യലിൽ ജീവനക്കാരെ ദ്രോഹിക്കുന്ന പൊലീസ് നടപടിക്കും കോടതിയുടെ കടിഞ്ഞാൺ
കോഴിക്കോട്: പി വി അൻവർ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നൽകിയ കേസിൽ പൊലീസിന്റെ നീക്കത്തിന് കോടതിയിൽ നിന്ന് തിരിച്ചടി. എക്‌സിക്യൂട്ടീവ് എഡിറ്ററടക്കമുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളി. എല്ലാ മാസവും പൊലീസിന് മുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു.
കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രിയ കെയുടേടേതാണ് നിർണ്ണായകമായ ഉത്തരവുകൾ. നിലമ്പൂർ എംഎൽഎ നൽകിയ പരാതി പ്രകാരം രജിസ്റ്റർ ചേയ്ത കേസാണിത്. കേസിൽ പ്രതി ചേർക്കപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർ പൊലീസ് ആഗ്രഹിച്ച പ്രകാരം ഉത്തരം നൽകിയില്ലെന്നാരോപിച്ചായിരുന്നു ജാമ്യം റദ്ദാക്കാൻ നീക്കം നടത്തിയത്.
പോക്‌സോ വകുപ്പുകളടക്കം ചുമത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് എസിപി വി സുരേഷ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള അസാധാരണ സാഹചര്യമില്ല. ഭരണഘടനയുടെ 20 വകുപ്പ് പ്രകാരം ഒരു വ്യക്തിയെയും അയാൾക്കെതിരെ തന്നെ തെളിവ് നൽകാൻ നിർബന്ധിക്കാനാവില്ല തുടങ്ങിയ പ്രധാന നിരീക്ഷണങ്ങൾ എടുത്തു പറഞ്ഞാണ് കോടതിയുടെ ഉത്തരവ്. ജാമ്യം റദ്ദാക്കാനുള്ള പൊലീസിന്റെ ഹർജി നിയമപരമായി നിലനിൽക്കിലെന്ന് കോടതി ഉത്തരവിൽ എടുത്തു പറഞ്ഞു.
അതേസമയം, പൊലീസ് കേസന്വേഷണം വലിച്ചു നീട്ടുന്ന സാഹചര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലും കോടതിയുത്തരവ് പൊലീസിന് തിരിച്ചടിയായി. കോടതി നിർദ്ദേശപ്രകാരം 5 തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടും ചോദ്യം ചെയ്യൽ തുടരുന്നതും. പെരുന്നാൾ ദിനത്തിൽ പോലും അവധി നൽകാതെ ചോദ്യം ചെയ്തതും ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസ് കോടതിയെ സമീപിച്ചത്. കോടതി നൽകിയ സമയക്രമം പൊലീസ് ലംഘിച്ചിരുന്നു. 50ലേറെ നോട്ടീസുകളയച്ച് ജീവനക്കാരെ ചട്ടം പാലിക്കാതെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നതും പല രേഖകളും സമർപ്പിച്ചിരുന്നതും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും നിരന്തരം നോട്ടീസുകളയച്ചും ചോദ്യം ചെയ്യാൻ വിളിപ്പിച്ചും ദ്രോഹിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് കോടതിയിൽ ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് നൽകിയ അപേക്ഷ പരിഗണിച്ച കോടതി മുൻകൂർ ജാമ്യ ഉത്തരവിലെ മൂന്ന് വ്യവസ്ഥകൾ റദ്ദാക്കി. ഈ വ്യവസ്ഥകളുപയോഗിച്ച് പൊലീസ് പ്രതികളായ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന വാദം കണക്കിലെടുത്താണ് ഉത്തരവ്. എല്ലാമാസവും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നതടക്കമുള്ള വ്യവസ്ഥകളാണ് റദ്ദാക്കിയത്.