തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്കാണ് കോടതി കുറ്റപത്രം നൽകിയത്. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കുറ്റപത്രം നൽകിയത്.

നെയ്യാറ്റിൻകര അഡീ. ജില്ലാ സെഷൻസ് ജഡ്ജി എ.എം. ബഷീറാണ് കോടതി തയ്യാറാക്കിയ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തിയത്. ഒക്ടോബർ 1 മുതൽ 30 വരെയായി 142 സാക്ഷികളെ വിസ്തരിക്കാൻ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിനീത് കുമാർ ഹാജരായി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.ജെ.ജോൺസൺ ആണ് അന്വേഷണം നടത്തിയത്. റൂറൽ എസ്‌പി ശിൽപയും എഎസ്‌പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിച്ചു.

ഗ്രീഷ്മയും ഷാരോണും നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കീടനാശിനി കലർത്തിയ കഷായം നൽകിയ ദിവസം ഗ്രീഷ്മ പലതവണ വീട്ടിൽ വന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. പതിമൂന്നാം തീയതി രാത്രി ഇരുവരും ഒരു മണിക്കൂറോളം ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2022 ഒക്ടോബർ 14 ന് രാവിലെ ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് നിരവധി തവണ നിർബന്ധിച്ചതിനാലാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.

2021 ഒക്ടോബർ മുതൽ ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4 ന് പട്ടാളക്കാരനായ ഒരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഷാരോണുമായി പിണങ്ങി. 2022 മെയ് മുതൽ ഷാരോണുമായി വീണ്ടും അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിൽ വെച്ച് താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽ വച്ച് താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു.

14ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ട ഗ്രീഷ്മ ഇവിടെ വച്ച് ഷാരോണിന് കഷായം നൽകുകയായിരുന്നു. കഷായം കുടിച്ച ഷാരോൺ ചർദ്ദിച്ചു. തിരിച്ചു പോകുമ്പോൾ ബൈക്കിൽ വച്ചും ചർദ്ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നെന്നും, അമ്മാവനാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.