കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. നാലാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഏതൊക്കെ വിഷയങ്ങളിൽ അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ബാലറ്റുപെട്ടികളുടെ പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു.

എന്നാൽ ബാലറ്റ് പെട്ടികൾ സീൽ ചെയ്ത നിലയിലായിരുന്നു. ഇത് തുറക്കുന്നതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് രജിസ്ട്രാർ പറഞ്ഞു. ഇതേത്തുടർന്ന് പെട്ടികൾ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികൾ കോടതിയെ സമീപിക്കുകയായിരുന്നു.

തുറന്ന കോടതിക്കുള്ളിൽ വെച്ച് പെട്ടികൾ പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലറ്റ് പെട്ടികൾ അടുത്ത വ്യാഴാഴ്ചയാണ് ബാലറ്റ് പെട്ടി കോടതിയിൽ തുറന്നു പരിശോധിക്കുക. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കണമെന്ന ആവശ്യം കോടതി തള്ളി. കോടതി ആവശ്യപ്പെടുന്ന എന്തു സഹായവും ചെയ്യാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.