- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും സർക്കാറിന് അനക്കമില്ല; ബഫർസോൺ വിഷയത്തിൽ സർക്കാർ നിലാപാടിനെതിരെ ഹർജ്ജി; ഓണാവധിക്ക് ശേഷം വിശദമായി വാദം കേൾക്കും
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ദൂരപരിധി തീരുമാനിക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും നിലപാട് സ്വീകരിക്കാത്ത സർക്കാറിനെതിരെ ഹൈക്കോടതിയിൽ ഹർജ്ജി.പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ മാനേജിങ്ങ് ട്രസ്റ്റി ജയിംസ് വടക്കനും കണ്ണൂർ അമ്പായത്തോട് സ്വദേശി സി വി ജേക്കബ് ചോലാമറ്റത്തിലുമാണ് ഹർജ്ജി സമർപ്പിച്ചത്.
സംസ്ഥാനസർക്കാറിന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ അലസത മനോഭാവമാണെന്നും തങ്ങൾ സംസ്ഥാന സർക്കാറിനും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനും സെൻട്രൽ എംപവർ കമ്മറ്റിക്കും മുൻപാകെ സമർപ്പിച്ച പരാതി സമയബന്ധിതമായി കേട്ട് പരിഹാരമുണ്ടാക്കാൻ നിർദ്ദേശിക്കണമെന്നും ഹർജ്ജിക്കാർക്കുവേണ്ടി അഭിഭാഷകരായ ജോൺസൺ മനയാനിയും ജീവൻ മാത്യു മനയാനിയും വാദിച്ചു.
എന്നാൽ വിഷയത്തിൽ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സുപ്രീംകോടതിയിൽ പുനപരിശോധന ഹർജ്ജി ഫയൽ ചെയ്തിട്ടുണ്ടെന്നും ഹർജ്ജിക്കാരുടെ ആശങ്ക അസ്ഥാനത്താണെന്നും സർക്കാറിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഡ്വ എസ് കണ്ണൻ ഹൈക്കോടതിയെ അറിയിച്ചു.
സുപ്രീംകോടതി വിധി സംബന്ധിച്ച് വിഷയത്തിൽ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ കേരളസർക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.ഓണാവധിക്ക് ശേഷം കേസ് വിശദമായി കേൾക്കുന്നതിനായി മാറ്റിവെച്ചു.