കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസി. നിരോധിത സംഘടനയ്ക്ക് രഹസ്യ വിഭാഗമുണ്ടെന്ന് എൻഐഎ അന്വേഷണ സംഘം കൊച്ചി എൻഐഎ കോടതിയിൽ അറിയിച്ചു. രഹസ്യ വിഭാഗത്തിലൂടെ ഇതര സമുദായക്കാരുടെ ഹിറ്റ്ലിസ്റ്റ് ഉണ്ടാക്കാൻ പ്രവർത്തിക്കുന്നുണ്ട്. വിവരശേഖരണം നടത്തുന്നതും പട്ടിക തയാറാക്കുന്നതും സീക്രട്ട് വിംഗിനെ ഉപയോഗിച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

സംസ്ഥാന വ്യാപകമായി റിപ്പോർട്ടർമാരുടെ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിംഗാണെന്നും എൻഐഎ കോടതിയിൽ അന്വേഷണ സംഘം വ്യക്തമാക്കി. ഇതിൽ പിഎഫ്ഐ നേതാക്കളടക്കം ചേർന്ന് ചർച്ച നടത്തി ചില പ്രത്യേക സമുദായങ്ങളെ ഭീതിപ്പെടുത്താൻ ശ്രമം നടന്നു.

പിഎഫ്‌ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പിഎഫ്‌ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം തുടരുകയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള ചില കൊലപാതകങ്ങളിൽ ഇപ്പോൾ കസ്റ്റഡിയിലായ ചിലർക്ക് പങ്കുണ്ടെന്ന് മനസ്സിലായിട്ടുണ്ട്.

സെപ്റ്റംബർ 23 ലെ സംസ്ഥാന വ്യാപക റെയ്ഡിൽ അറസ്റ്റിലായ 14 പിഎഫ്ഐ പ്രവർത്തകരുടെ റിമാൻഡ് 180 ദിവസമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഐഎ കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ റിമാൻഡ് കാലാവധി 90 ദിവസമെന്നത് 180 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്.