കൊച്ചി: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടർന്നെടുത്ത കേസിലും എൻഐഎക്ക് തിരിച്ചടി. രണ്ട് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 17 പേർക്ക് ജാമ്യം അനുവദിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ അടക്കം 17 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻ.ഐ..എ വാദം തള്ളിയാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. സാക്ഷിമൊഴികൾ മാത്രം അടിസ്ഥാനമാക്കി പ്രതി ചേർത്തവർക്കാണ് ജാമ്യം. ശ്രീനിവാസൻ വധക്കേസിൽ ഒമ്പത് പ്രതികൾക്കും പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട കേസിൽ എട്ട് പ്രതികൾക്കുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്,നെജിമോൻ, സൈനുദ്ദീൻ, പി കെ ഉസ്മാൻ,സി.ടി.സുലൈമാൻ, രാഗം അലി ഫയാസ് ,അക്‌ബർ അലി, നിഷാദ്,റഷീദ് കെ.ടി, സെയ്ദാലി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ സംസ്ഥാനം വിടുപോകരുത്, പാസ്‌പോർട്ട് ഹാജരാക്കണം, ജാമ്യം ലഭിച്ച പ്രതികൾ ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ എന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകൾ.

മൊബൈൽ ഫോണിലെ ജിപിഎസ് പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം പ്രതികളായ സദ്ദാം ഹുസൈൻ, അഷ്റഫ്, നൗഷാദ്, കരമന അഷ്റഫ് മൗലവി, അൻസാരി ഈരാറ്റുപേട്ട, മുഹമ്മദ് അലി, യഹിയ കോയ തങ്ങൾ, റൗഫ്,സത്താർ എന്നിവരുടെ ജാമ്യഹർജികൾ കോടതി തള്ളി. ഇവർക്കെതിരേയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്.

എൻ.ഐ.എ കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അന്വേഷണം പൂർത്തിയാക്കി എൻ.ഐ.എ.ആണ് കുറ്റപത്രം നൽകിയത്. അന്വേഷണം എൻ.ഐ.എ.യ്ക്ക് കൈമാറിയതിനെതിരെ പ്രതികൾ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

2022 ഏപ്രിൽ 16-നാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തിൽക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേരള പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. കേസിലെ ആദ്യ കുറ്റപത്രം എൻഐഎ 2023 മാർച്ചിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. രണ്ടാമത്തെ കുറ്റപത്രം അതേവർഷം നവംബറിലും എൻ.ഐ.എ. സമർപ്പിച്ചിരുന്നു.