കൊച്ചി: ദിലീപ് നായകനാകുന്ന രതീഷ് രഘുനന്ദൻ ചിത്രം ഏഴിന് റിലീസിനൊരുങ്ങവേ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയിൽ ഹർജി. കോടതി ഫയലിൽ സ്വീകരിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കും. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ച മാധ്യമപ്രവർത്തകൻ വി.ആർ. ബിജുവാണ് വീണ്ടും ഹർജിയുമായി എത്തിയിരിക്കുന്നത്.

ഇതേ ആവശ്യമുന്നയിച്ച് ബിജു നൽകിയ ഹർജിയിന്മേലുള്ള നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. കേന്ദ്രഫിലിം സെൻസർ ബോർഡ് അഭിഭാഷകന്റെ സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് കോടതി ഹർജി തീർപ്പാക്കിയത്. എന്നാൽ സംവിധായകനും നിർമ്മാതാക്കളും തങ്കമണി എന്ന സിനിമയുടെ പേര് മാറ്റുവാൻ തയാറായില്ല. സംഭവകഥയെന്നും രക്തം ചൊരിഞ്ഞ വില്ലേജെന്നും പെണ്ണിന്റെ മാനം കവർന്ന രാത്രിയെന്നുമൊക്കെയുള്ള ടാഗ്ലൈനുകളുമായി റിലീസിന് മുന്നോടിയായുള്ള പ്രചാരണം തകർക്കുകയാണ്.

ഇതിനെതിരേയാണ് ബിജു വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. തങ്കമണി സംഭവം എന്ന് കേൾക്കുമ്പോഴേ ഒരു നാടിന്റെ മാനത്തിനെ ചോദ്യം ചെയ്തതെന്ന് കണ്ടറിഞ്ഞവർക്കും പിന്നീട് കേട്ടറിഞ്ഞവർക്കും വ്യക്തമായി അറിയാം. എന്നിട്ടും ഒരു നാടിനെ ഒന്നാകെ അപമാനിക്കുവാനുള്ള അണിയറ പ്രവർത്തകരുടെ ശ്രമം നാടിനോടും നാട്ടാരോടും ഉള്ള വെല്ലുവിളിയാണെന്നത് വ്യക്തം. ഇതേതുടർന്നാണ താൻ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തതെന്ന് ബിജു പറഞ്ഞു.

പേര് മാറ്റണമെന്നും അതുവരെ റിലീസ് തടയണമെന്നും ഗാനത്തിൽ ഉൾപ്പെടെയുള്ള സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാമർശം ഒഴിവാക്കണമെന്നും സംഭവ കഥയെന്നതും മാറ്റണമെന്നാണ് ആവശ്യം. ഹൈക്കോടതി 8608/24 നമ്പരായി ഹർജി ഫയലിൽ സ്വീകരിച്ചു. തിങ്കളാഴ്ച കേസ് പരിഗണിക്കും. സമാന ആവശ്യവുമായി തങ്കമണിക്കാരുടെ മറ്റൊരു ഹർജി കൂടി തിങ്കളാഴ്ച ഹൈക്കോടതിയിൽ എത്തും. കേസിൽ ജയപരാജയങ്ങൾ ഉണ്ടാകാം. എങ്കിലും നിയമത്തിന്റെ അങ്ങേയറ്റം വരെ പോരാടുമെന്ന് ബിജു പറഞ്ഞു.