പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.

പിഴ ഒടുക്കാതിരുന്നാൽ നാല് വർഷം അധിക തടവിനും ശിക്ഷ വിധിച്ചു. ഇന്ത്യൻ പീനൽ കോഡ് 376, 376 (2) (f) 376 (2) (n ) ,376 (3) പോക്‌സോ വകുപ്പുകളായ 3, 4, 5 (l) 5 (n) 5 (j) (ii), 6  എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2020 ലാണ് ബന്ധു വീട്ടിൽ എത്തിയ പതിനഞ്ച് വയസുകാരിയെ പ്രതി പീഡിപ്പിച്ചത്. രാത്രിയിൽ അതിക്രമിച്ചു വീട്ടിൽ കയറി പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോഴും പീഡിപ്പിച്ചിരുന്നു.

വീട്ടിലേക്ക് മടങ്ങി ദിവസങ്ങൾ കഴിഞ്ഞുണ്ടായ ശാരീരിക അസ്വസ്ഥകളെ തുടർന്ന് തണ്ണിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലാക്കിയത്. ആശുപത്രിയിൽ നിന്നും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വനിതാ പൊലീസ് ഇൻസ്‌പെക്ടർ എ. ആർ ലീലാമ്മയാണ് കേസിന്റെ അന്വേഷണം നടത്തിയത്.

പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായ കേസിന്റെ അന്തിമ ഘട്ടത്തിൽ പ്രതിയോട് ശിക്ഷയെ പറ്റി ചോദിച്ചപ്പോൾ പെൺകുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാൻ തയ്യാറാണെന്ന വിചിത്ര വാദം പ്രതി ഉന്നയിച്ചു.

വിവാഹിതനും ഇരയുടെ പ്രായമുള്ള ഒരു മകളും ഉള്ള പ്രതിയുടെ ഈ വാദം പ്രതിയുടെ ക്രൂരമായ മാനസിക സ്ഥിതിയുടെ ഉദാഹരണമാണെന്ന പ്രോസിക്യൂഷന്റെ മറുവാദം കോടതി അംഗീകരിക്കുകയായിരുന്നു.

ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയതിനും പതിനാറ് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിനുമുള്ള ശിക്ഷകൾ പ്രത്യേകം അനുഭവിക്കണമെന്നും മറ്റു വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ പ്രതിക്ക് എൺപതു വർഷം തടവിൽ കഴിയേണ്ടി വരും.