പത്തനംതിട്ട: പന്ത്രണ്ട് വയസുള്ള മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ (38) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് മൂന്നു ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിച്ചു. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയതിന് ഐപിസി 377 വകുപ്പു പ്രകാരം 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവും ശിക്ഷവിധിച്ചു. കൂടാതെ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിക്കുകയും പിഴ തുക ഒടുക്കാതിരുന്നാൽ കൂടുതൽ തടവുശിക്ഷയും അനുഭവിക്കണമെന്നും ശിക്ഷാവിധിയിയിൽ പ്രസ്താവിച്ചിട്ടുണ്ട്.

കുട്ടിയുടെ മാതാപിതാക്കൾ നഴ്സുമാരാണ്. മാതാവ് ജോലി തേടി വിദേശത്തു പോയപ്പോൾ പ്രതി ബാംഗ്ലൂരിൽ നിന്നും ജോലി രാജിവച്ച് നാട്ടിലെത്തുകയായിരുന്നു. മദ്യപാനിയായ പ്രതി ഭാര്യ വിദേശത്തു പോയതോടു കൂടി തന്നോടൊപ്പം താമസിച്ചു വന്ന സ്വന്തം മകളോട് ഭാര്യയോടെന്ന പോലെ പെരുമാറുകയും രാത്രികാലങ്ങളിൽ ഭീഷണിപ്പെടുത്തി രതിവൈകൃതങ്ങളിൽ ഏർപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടി അമ്മയോടോ ബന്ധുക്കളോടോ ഈ കാര്യങ്ങൾ പറയാതിരിക്കുവാനായി ഫോൺ കോളുകൾ റെക്കോർഡു ചെയ്യുകയും തന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കിൽ ഇളയ സഹോദരിയേയും ഇത്തരത്തിൽ ലൈംഗിക ചൂഷണത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രതിയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി പീഡന വിവരം പ്രതിയുടെ മാതാവിനെ ധരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവർ ഗൗനിക്കാതിരുന്നതിനാൽ ശ്രമം പിന്നിട് ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസവും സ്നേഹക്കുറവും മനസിലാക്കിയ മാതാവിന്റെ അമ്മ കുട്ടിയെ അവരുടെ വീട്ടിലേക്ക് നിർബന്ധ പൂർവ്വം കൂട്ടിക്കൊണ്ട് പോവുകയും കൗൺസിലിംഗിന് വിധേയയാക്കുകയും ചെയ്തതിൽ വച്ചാണ് ക്രൂരമായ ലൈംഗിക പീഡന വിവരം പുറത്തറിയുന്നത്.

2022- 23 കാലയളവിൽ നടന്ന പീഡനക്കേസ് രജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാതൃൂസ് ഹാജരായ കേസിൽ പ്രതിയെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്താണ് ഹാജരാക്കിയത്. പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇ.ഡി ബിജു അതിവേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിൽ, പ്രതി നിരവധി തവണ ജാമ്യത്തിനു ശ്രമിച്ചിരുന്നുവെങ്കിലും പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലിട്ട് വിചാരണ പൂർത്തിയാക്കുകയായിരുന്നു.