- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം പതാക്ക് വീട്ടിൽ ജോമോൻ കുര്യൻ (24) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാളുകളായി ഇയാൾ 17 കാരിയെ പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു. പെൺകുട്ടിയുടെ പരാതിയെതുടർന്ന് പെരുനാട് പൊലീസ് മൊഴി രേഖപ്പെടുത്തി ബുധനാഴ്‌ച്ച കേസ് രജിസ്റ്റർ ചെയ്തു.
ഫെബ്രുവരിയിൽ മൈലപ്ര പള്ളിപ്പടിയിലെ വെയ്റ്റിങ് ഷെഡിൽ ബസ് കാത്തുനിന്നപ്പോൾ ബൈക്കിലെത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കയറിപ്പിടിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിച്ചു. മറ്റൊരു ദിവസം വീട്ടിലെത്തി ശല്യം ചെയ്യുകയും ചെയ്തു. പിന്നീട് നിരന്തരം ഇയാൾ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും, ആസിഡ് ഒഴിച്ച് കൊല്ലുമെന്നും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി. തുടർന്ന് ചൊവ്വാഴ്‌ച്ച പെൺകുട്ടി റാന്നിയിൽ പോയിതിരിച്ചുവരവേ അറയ്ക്കമണ്ണിൽ വച്ച് പിന്തുടർന്ന് ശല്യം ചെയ്തതായും പറയുന്നു.
പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിന് അപേക്ഷ നൽകിയ പെരുനാട് പൊലീസ്, പ്രതിയെ ബുധനാഴ്‌ച്ച വൈകിട്ട് വീടിനു സമീപത്തുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച യുവാവിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുനാട് എസ് ഐ വി ടി ലഞ്ചുലാലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതിന് യുവാവിനെതിരെ വേറെ കേസെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തിൽ ലഞ്ചുലാലിനൊപ്പം എസ് ഐ റെജി തോമസ്, പൊലീസ് ഉദ്യോഗസ്ഥരായ ആശ ഗോപിനാഥ്, സുഷമ കൊച്ചുമ്മൻ, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.