ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും വേശ്യാവൃത്തിയിലേക്ക് നയിക്കുകയും ചെയ്ത കേസിൽ മുൻ പൊലീസ് ഇൻസ്പെക്ടർ അടക്കം 13 പേർക്ക് 20 വർഷം തടവുശിക്ഷ വിധിച്ചു. ഇതേ കേസിൽ ഏഴ് സ്ത്രീകൾ അടക്കം എട്ടുപേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ചെന്നൈയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത.

രണ്ട് വർഷം മുമ്പാണ് വണ്ണാരപ്പേട്ട് സ്വദേശിയായ 13 കാരിയെ പീഡിപ്പിച്ച കേസിൽ 26 പേർക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിൽ 22 പേർ അറസ്റ്റിലായി. നാല് പേർ ഒളിവിലാണ്. പ്രതികളിൽ ഒരാൾ മരിച്ചതിനാൽ 21 പേർക്കെതിരേയാണ് ശിക്ഷ വിധിച്ചത്.

എന്നൂർ പൊലീസ് ഇൻസ്പെക്ടറായിരുന്നു സി. പുകഴേന്തി, ബിജെപി. പ്രദേശിക നേതാവ് രാജേന്ദ്രൻ, മാധ്യമ പ്രവർത്തകനായ വിനോബാജി തുടങ്ങിയ 13 പേർക്കാണ് 20 വർഷം തടവുശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ ഷഹീദ ബാനു അടക്കം കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച എട്ട് പേർക്കാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്. ഇവരിൽ ഏഴ് പേരും സ്ത്രീകളാണ്. പ്രതികളിൽനിന്ന് ആകെ 7,01,000 രൂപ പിഴ ഈടാക്കാനും സർക്കാർ അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും വിധിച്ചു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് 2020 നവംബറിലാണ് വണ്ണാപ്പേട്ടുള്ള വനിതാ പൊലീസ് കേസെടുത്തത്. ബന്ധുവായ ഷഹിദ ബാനുവിന്റെ നേതൃത്വത്തിൽ കുട്ടിയെ നിർബന്ധിച്ച് വേശ്യാവൃത്തി ചെയ്യിക്കുന്നു എന്നായിരുന്നു പരാതി. 100 ലേറെ പേർ കുട്ടിയെ പീഡിപ്പിച്ചതായിട്ടായിരുന്നു സംശയിച്ചിരുന്നത്. പൊലീസ് അന്വേഷണത്തിൽ 26 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇൻസ്‌പെക്ടർ പുകഴേന്തിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പ്രതികളായ നാല് പേരെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. പിടിയിലായ 22 പേരിൽ മാരീശ്വരനാണ് വിചാരണയ്ക്കിടെ മരിച്ചത്.