കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിവാഹത്തിലെ കക്ഷികളിൽ ഒരാൾ പ്രായപൂർത്തി ആകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. തിരുവല്ല സ്വദേശിയായ മുസ്ലിം യുവാവ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു എന്നായിരുന്നു ഇയാൾക്കെതിരായ കേസ്. ഈ പെൺകുട്ടി ഗർഭിണിയായി. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ഇതരസംസ്ഥാന സ്വദേശിനിയാണ് പതിനാറുകാരിയായ പെൺകുട്ടി.

കേസിൽ പോക്സോ ചുമത്തി യുവാവിനെ ജയിലിലടച്ചിരുന്നു. കേസിലെ ജാമ്യഹർജിയിലാണ്, തനിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നും, മുസ്ലിം വ്യക്തി നിയമപ്രകാരം പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നതായും ഇയാൾ വാദിച്ചത്. വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും 31 കാരനായ യുവാവ് വാദിച്ചു. എന്നാൽ കോടതി ഈ വാദം തള്ളി.

മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയാൽ പോക്സോ കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുസ്ലീമായ ഒരാൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് അവളുമായി ശാരീരിക ബന്ധം പുലർത്താനുള്ള അനുമതിയായി കാണാൻ കഴിയില്ല.

മുസ്ലിം വ്യക്തി നിയമത്തിനും മുകളിലാണ് പോക്‌സോ നിയമം. വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നത്. ഒരു കുഞ്ഞിന് നേർക്കുള്ള അനാവശ്യമായ സ്പർശനം പോലും പോക്‌സോ വകുപ്പിന്റെ പരിധിയിൽ വരുമെന്നിരിക്കെ, വിവാഹം എന്ന ന്യായവാദം ഉന്നയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.