- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്ത് ലത്തീൻ സഭയുടെ പ്രതിഷേധം നോക്കി തളർന്നിരിക്കുന്നത് 1000 ത്തോളം പൊലീസുകാർ; ഗ്രീഷ്മയുടെ തെളിവെടുപ്പിന് സുരക്ഷയൊരുക്കി ബുദ്ധിമുട്ടുന്ന റൂറൽ പൊലീസ്; മ്യൂസിയത്തെ പ്രതിയെ നോക്കേണ്ടതും ഭാരിച്ച ഉത്തരവാദിത്വം; വിവാദ കത്തിലെ രാഷ്ട്രീയ സമരം കൂടിയായതോടെ നടുവൊടിയുന്നത് തലസ്ഥാനത്തെ പൊലീസിന്
തിരുവനന്തപുരം. ആവശ്യത്തിന് പൊലീസുകർ ഇല്ലാത്തതു കാരണം തിരുവവനന്തപുരം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ അവസ്ഥ അതിദയനീയം. സ്റ്റേഷനുകളിലെ സ്ഥിരം ഡ്യൂട്ടി, കോടതി, സമൻസ്, വാറണ്ട് കൈമാറൽ അടക്കമുള്ള ജോലികൾ ഏറെയും മുടങ്ങുന്ന സഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ജില്ലയിൽ ഹെവി സ്റ്റേഷനാണെങ്കിൽ കുറഞ്ഞത് 150 പൊലീസുകാരെങ്കിലും വേണം. എന്നാൽ ഇവിടങ്ങളിൽ പലയിടത്തെയും സ്ട്രംങ്ത് 40ന് താഴെ മാത്രം. മറ്റു സ്റ്റേഷനുകളിലും പകുതിക്ക് താഴെ മാത്രമേ ആളുള്ളു. അതു കൊണ്ട് തന്നെ പെറ്റീഷൻ അന്വേഷണം, തീർപ്പാക്കൽ ജോലികൾ അടക്കം പ്രതിസന്ധിയിലാണ്. കൂടാതെ പ്രതിദിന പട്രോളിംങ്ങിനും സേനയിൽ ആളില്ലാത്ത അവസ്ഥ. വിഴിഞ്ഞം സമരം തുടങ്ങിതു മുതലാണ് തിരുവനന്തപുരത്തെ പൊലീസുകാർക്ക് കഷ്ടകാലം തുടങ്ങിയത്.
അവിടെ റൂറലിൽ നിന്നും സിറ്റിയിൽ നിന്നുമായി പ്രതിദിനം 500 ലധികം പൊലീസുകാരെ നേരിട്ട് വിന്യസിക്കുന്നുണ്ട്. അത് ക്യാമ്പുകാരെ മുൻനിരയിൽ നിന്നും ഒഴിവാക്കി സ്റ്റേഷൻ ഡ്യൂട്ടി ചെയ്യുന്നവരും പക്വതയുള്ളവരും എന്നുറപ്പ് വരുത്തിയാണ് സമരമുഖത്തെ ഡ്യൂട്ടിയിടൽ. എ ആർ ക്യാമ്പുകാരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അവരെ സമരമുഖത്തേക്ക് അടുപ്പിച്ചിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കാനാണ് ലോക്കൽ പൊലീസിനെ മുൻനിരയിൽ എത്തിച്ചിരിക്കുന്നത്. വിഴിഞ്ഞം സമരം തുടങ്ങിയപ്പോൾ തന്നെ സ്റ്റേഷനുകളിൽ പ്രതി സന്ധി അനുഭവപ്പെട്ടു തുടങ്ങിയതാണ്. എന്നാൽ അതിന് പരിഹാരം കാണാൻ ശ്രമം ഉണ്ടായില്ല എന്നതാണ വാസ്തവം.
വിഴിഞ്ഞത്തെ സമരം അക്രമാസ്കതമായപ്പോഴും ലോക്കൽ പൊലീസ് സംയമനം പാലിച്ചതു കൊണ്ടു മാത്രമാണ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടാകത്തെതെന്ന് പൊലീസ് ഇന്റലിജൻസും സമ്മതിക്കുന്നു. ബുദ്ധി പൂർവ്വം ലോക്കൽ പൊലീസിനെ മുന്നിൽ നിർത്തിയത് നന്നായി എന്നു തന്നെയാണ് സേനയിലെ ഉന്നതരുടെ അഭിപ്രായം. വള്ളം കത്തിച്ചും റോഡ് ഉപരോധിച്ചുമടക്കം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സമരക്കാർ പലപണിയും നോക്കിയെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ ഷാരോൺ കൊലക്കേസ് കൂടി എത്തിയതോടെ റൂറൽ പൊലീസിൽ വീണ്ടും ആളുകളുടെ എണ്ണം കുറഞ്ഞു. കേസിന്റെ ആദ്യഘട്ടത്തിൽ പാറശാല പൊലീസിന് വീഴ്ച പറ്റാൻ കാരണവും പൊലീസുകാരുടെ കുറവാണെന്നാണ് അവർ രഹസ്യമായി പറയുന്നത്. ഷാരോണിന്റെ വീട്ടുകാർ നൽകിയ പരാതി പ്രകാരം അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ തടസമായതിന് ഒരു കാരണം ആവിശ്യത്തിന് സ്ട്രങ്ത്് ഇല്ലാതിരുന്നതാണ്.
കേസിലെ പ്രധാന പ്രതിയായ ഗ്രീഷ്മയുടെ തെളിവെടുപ്പ്, അന്വേഷണത്തെ സഹായിക്കൽ, സുരക്ഷ ഒരുക്കൽ അങ്ങെനെയും പൊലീസുകാരെ വിട്ടു നല്കേണ്ടിവന്നു. റൂറൽ പൊലീസിനെ പ്രതിസന്ധിയിലാക്കി അടിക്കടി ഉണ്ടായ അടിപിടി കേസുകൾ, രാഷ്ട്രീയ ആക്രമണം, മോഷണം ഇതൊന്നും ശരിയായ രീതിയിൽ അന്വേഷിക്കാൻ ഉദ്യോഗസ്ഥർ ഇല്ലാത്ത കുറവ് പല സ്റ്റേഷനുകളെയുടെയും പ്രവർത്തനത്തെ ബാധിച്ചു. മ്യൂസിയത്ത് ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ കൊണ്ടു പോകാനും തെളിവെടുക്കാനുമടക്കം പൊലീസുകാരുടെ കുറവ് ചെറിയ ബുദ്ധിമുട്ടല്ല ഉണ്ടാക്കിയത്. കവടിയാറിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയായ ഇയാൾക്ക് സുരക്ഷ ഒരുക്കാൻ മാത്രം പ്രത്യേകം പൊലീസുകാരെ കണ്ടെത്തേണ്ടി വന്നു.
ഇതിനിടെ മേയറുടെതെന്ന രീതിയിൽ പ്രചരിച്ച കത്ത് ഉയർത്തി കോർപ്പറേഷന് മുന്നിലും സെക്രട്ടരിയേറ്റിന് മുന്നിലും സമര കോലാഹലങ്ങൾ കൂടി അരങ്ങേറിയതോടെ അക്ഷരാർത്ഥത്തിൽ തിരുവനന്തപുരത്തെ പൊലീസ് ക്ഷ വരച്ചു തുടങ്ങി. ബിജെപി, കോൺഗ്രസ്, യുവമോർച്ച, യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളെല്ലാം തെരുവിലിറങ്ങിയിരിക്കുകയാണ്. സമരക്കാരെ നിയന്ത്രിക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവിശ്യത്തിന് പൊലീസുകാർ ഇല്ലാത്തതു കാരണം സമരങ്ങൾഅക്രമാസക്തമായാൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥ വന്നു ചേരും.
സമരങ്ങൾക്കപ്പുറം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് തിരുവനന്തപുരത്തെ പൊലീസ്. ഇതിനിടെ മന്ത്രിമാർക്കു മുഖ്യമന്ത്രിക്കും സുരക്ഷ ഒരുക്കുന്നതിനും നല്ലൊരു ശതമാനം പൊലീസ് വേണം. അത് ഒഴിവാക്കാനും പറ്റില്ല. സത്യത്തിൽ എണ്ണത്തിലെ കുറവ് കാരണം പൊലീസ് സ്റ്റേഷനുകളിൽ ചിലടയിങ്ങളിൽ പ്രധാന കാര്യങ്ങൾ ഒഴികെ മറ്റെല്ലാം പിന്നീട് എന്ന രീതിയൽ മാറ്റിവെയ്ക്കുകയാണ്.
ഈ മാസം തന്നെ ശബരിമല സീസൺ ആരംഭിക്കുകയാണ്. നവംബർ17നാണ് വൃശ്ചികം ഒന്ന്. അതിന് മുൻപ് തന്നെ എല്ലാ സ്റ്റേഷനുകളിൽ നിന്നുമായി ശബരിമല ഡ്യൂട്ടിക്കും പൊലീസുകാർ പോകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതർ ഡ്യൂട്ടിക്കാർ മാത്രമുള്ള സ്റ്റേഷനുകളിൽ നിന്നും ഇനി ശബരിമല ഡ്യൂട്ടിക്ക് കൂടി എങ്ങനെ ആളെ അയക്കും എന്നാണ് പൊലീസുകാർ ചോദിക്കുന്നത്. സമരഡ്യൂട്ടികൾ നീളുന്നത് കാരണം ആവശ്യത്തിന് അവധിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എന്ന പരിഭവവും പൊലീസുകാർക്ക് ഉണ്ട്. എന്തായാലും സമര കോലാഹലങ്ങൾ ഏറിയതോടെ തിരുവനന്തപുരത്തെ പൊലീസുകാർക്ക് കണ്ടകശനി തുടങ്ങിയിരിക്കുകയാണ്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്