ചെന്നൈ: സുപ്രീംകോടതി കടുപ്പിച്ചതോടെ തമിഴ്‌നാട്ടിൽ മന്ത്രിയാിയ സത്യപ്രതിജ്ഞ ചെയ്യാൻ കെ.പൊന്മുടിയെ ക്ഷണിച്ച് ഗവർണർ ആർ.എൻ.രവി. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന മുമ്പായി ഗവർണർ പൊന്മുടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജ്ഭവൻ കത്തയച്ചു. ഇതോടെ ഇന്ന് വൈകിട്ട് 3.30-നാണ് സത്യപ്രതിജ്ഞ നടക്കും.

കേസ് സുപ്രീംകോടതിയിൽ പരിഗണിച്ചതോടെ പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് എ.ജി. കോടതിയെ അറിയിച്ചു. കോടതി കാരണം ജനാധിപത്യം നിലനിന്നുവെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. ക്രിമിനൽക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടും പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമർശനം നടത്തിയിരുന്നു. തങ്ങളുടെ ഉത്തരവിനെ ധിക്കരിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ താക്കീത്.

ക്രിമിനൽക്കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും ഡിഎംകെയുടെ മുതിർന്ന നേതാവായ കെ.പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വിഷയത്തിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പൊട്ടിത്തെറിച്ചത്. തമിഴ്‌നാട് ഗവർണറുടെ നടപടിയിൽ കടുത്ത ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. തീരുമാനമെടുത്തില്ലെങ്കിൽ, കേസ് ഇന്നു പരിഗണിക്കുമ്പോൾ ഉത്തരവു പുറപ്പെടുവിക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ഇതോടെയാണ് ഗവർണർ വഴങ്ങിയത്.

കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദ്ദേശം തള്ളിയ ഗവർണർ ആർ.എൻ.രവിക്കെതിരെ തമിഴ്‌നാട് സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നൽകാൻ ഗവർണറോട് കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്കു മാത്രമാണു തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം ഗവർണർ തള്ളുകയായിരുന്നു.

അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മദ്രാസ് ഹൈക്കോടതി 3 വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. തുടർന്ന് എംഎൽഎ പദവിയിൽനിന്ന് അയോഗ്യനാക്കി. എന്നാൽ ശിക്ഷ നടപ്പാക്കുന്നത് പിന്നീട് സുപ്രീംകോടതി തടയുകയായിരുന്നു.