കൊച്ചി: മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജില്ലകൾ തിരിച്ചാണ് ജപ്തി നടപടികളുടെ വിശദാംശങ്ങൾ സർക്കാർ ഹൈക്കോടതിക്ക് കൈമാറിയത്. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്.

248 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോർട്ടിലുണ്ട്. കൂടുതൽ നടപടികൾ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 126 ഇടങ്ങളിലാണ് ജപ്തി നടപടികൾ ഉണ്ടായത്. ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശത്തെ തുടർന്നാണ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയത്.

ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്തവർക്കും ജപ്തി നോട്ടീസ് നൽകിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഹർത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ് നൽകിയിട്ടുണ്ട്. ഹർത്താൽ സമയത്ത് വിദേശത്തായിരുന്നവർക്കും ഗൾഫിൽ സ്ഥിരതാമസമാക്കിയവർക്കും നോട്ടീസ് ലഭിച്ചതായി ആരോപണമുണ്ട്. അതേസമയം, മലപ്പുറത്ത് ആളുമാറി സ്വത്ത് കണ്ടുകെട്ടിയ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വിശദീകരിച്ചു.

തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റവന്യൂ അധികൃതർ അറിയിച്ചിട്ടുണ്ട്. പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടി എന്നാണ് പരാതി. എതിർപ്പുകളുടെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കോടതി നിർദ്ദേശത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പൊലീസ് സഹായത്തോടെ റവന്യു സംഘം നേതാക്കളും വീടും സ്ഥലവും ജപ്തി ചെയ്തിട്ടുണ്ട്. മിന്നൽ ഹർത്താലിൽ ഉണ്ടായ അഞ്ച് കോടി ഇരുപത് ലക്ഷം രൂപയുടെ നഷ്ടം സംഘടനയുടെയും നേതാക്കളുടെയും സ്വത്ത് കണ്ട് കെട്ടി ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

മിന്നൽ ഹർത്താലിന് മറവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ നടത്തിയ അക്രമങ്ങളിലെ നാശനഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ താത്പര്യം കാട്ടിയിരുന്നില്ല. കോടതി അന്ത്യശാസനം നൽകിയതിന് പിന്നാലെ ജപ്തി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

ജപ്തിക്കായി ആഭ്യന്തര വകുപ്പിൽനിന്ന് 242 പേരുടെ പട്ടികയാണ് റവന്യൂ വകുപ്പിന് നൽകിയത്. ഇതിൽനിന്ന് 207 പേരുടെ റവന്യൂ റിക്കവറി ഞായറാഴ്ച വരെ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ലാൻഡ് റവന്യൂ കമീഷണർ ടി.വി. അനുപമ സർക്കാറിനു കൈമാറിയിരുന്നു. കണ്ടുകെട്ടൽ നടന്നു കഴിഞ്ഞാൽ അതിന്മേലുള്ള വാദങ്ങളും എതിർവാദങ്ങളും കോടതിയാകും പരിഗണിക്കുക. കോടതി നടപടികൾക്ക് വിധേയമായായിരിക്കും ആളുമാറിയുള്ള ജപ്തികളിൽ നടപടികളിൽനിന്ന് ഒഴിവാക്കുക.

പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23നായിരുന്നു മിന്നൽ ഹർത്താൽ. മുൻകൂർ അനുമതിയില്ലാതെ ഹർത്താൽ നടത്തിയതിനും കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ചു നശിപ്പിച്ചത് ഉൾപ്പെടെ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനുമാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

രണ്ടാഴ്ചക്കുള്ളിൽ പോപുലർ ഫ്രണ്ട് നേതൃത്വം നഷ്ടപരിഹാരം കെട്ടിവെക്കണമെന്നു കോടതി ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. തുടർന്നാണ് ജപ്തി നടപടി ആരംഭിക്കാൻ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയത്.