കൊച്ചി: എൻ പ്രശാന്ത് ഐഎഎസ് നൽകിയ അപകീർത്തി കേസിൽ മാതൃഭൂമി ചെയർമാനും ചീഫ് എഡിറ്ററുമായ പി വി ചന്ദ്രൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. 'ചോദ്യങ്ങളോട് കൊഞ്ഞണം കുത്തി എൻ പ്രശാന്ത്' എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തക്കെതിരെ നൽകിയ അപകീർത്തി കേസിലാണ് പി വി ചന്ദ്രൻ, മാതൃഭൂമി എഡിറ്റർ മനോജ് കെ ദാസ്, വാർത്ത എഴുതിയ ലേഖിക എന്നിവർ ജാമ്യമെടുത്തത്. എറണാകുളത്തെ സ്‌പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ
ഹാജരായാണ് എതിർകക്ഷികൾ ജാമ്യമെടുത്തത്.

കേസിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാറും എതിർകക്ഷിയാണ്. ശ്രേയംസ് ഇന്ന് ജാമ്യമെടുക്കാൻ എത്തിയിരുന്നില്ല. ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയ 'മാതൃഭൂമി' ലേഖികയോട് എൻ പ്രശാന്ത് മോശമായി പെരുമാറിയെന്ന് കാണിച്ചായിരുന്നു മാതഭൂമി വാർത്ത നൽകിയത്. വാട്സാപ്പിൽ അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകളാണ് പ്രശാന്ത് മറുപടിയായി അയച്ചതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വാർത്ത പ്രസിദ്ധീകരിച്ചത്. സീമയുടെ ചിത്രം ഓ.. യാ എന്ന വാക്കോടൊയാണ് വാട്‌സ്ആപ്പിൽ കളക്ടർ ബ്രോ സ്റ്റിക്കറായി മറുപടി നൽകിയത്. ഇതാണ് പരാതിക്ക് ഇടയാക്കിയത്.

തുടർത്ത് മാതൃഭൂമി നൽകിയ വാർത്ത തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് കാണിച്ചാണ് പ്രശാന്ത് അപകീർത്തി കേസ് നൽകിയത്. സ്‌ക്രീൻ ഷോട്ട് സഹിതം പത്രം നൽകിയ വാർത്ത തനിക്കും കുടുംബത്തിനും കടുത്ത വേദന ഉണ്ടാക്കിയെന്നു കാണിച്ചാണ് നിയമ നടപടി തുടങ്ങിയത്. മാധ്യമപ്രവർത്തക തന്റെ സ്വകാര്യ ഫോണിലെ വാട്‌സ്ആപ്പിലേക്കാണ് സന്ദേശം അയച്ചു വിവരങ്ങൾ തിരക്കിയതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വാർത്തയുടെ തുടർച്ചയായി എൻ പ്രശാന്തിനെതിരെ മനോജ് കെ ദാസ് നൽകിയ പരാതി കഴമ്പില്ലെന്ന് കണ്ട് കോടതി തള്ളിയിരുന്നു. എന്നാൽ, തന്റെ സ്വകാര്യത മാനിക്കാതെ വ്യാജവാർത്ത നൽകിയെന്നാണ് പ്രശാന്ത് ആവർത്തിച്ചു വ്യക്തമാക്കിയത്. ഇതിന്റെ തുടർച്ചയായി വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്ന നടപടികളെ നിയമപരമായി നേരിടാനുള്ള കൂട്ടായ്മക്കും കലക്ടർ ബ്രോ രൂപം നൽകിയിരുന്നു. തുടർന്നാണ് മാതൃഭൂമിക്കെതിരെ നിയമ പോരാട്ടം തുടങ്ങിയതും.