ന്യൂഡൽഹി: കണ്ണൂർ സർവകലശാല മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം ശരിവച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയൽചെയ്യുന്ന ഹർജികളിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹർജി നൽകിയത്.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നീക്കം മുന്നിൽ കണ്ടാണ് പ്രിയ വർഗീസിന്റെ തടസ്സഹർജി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തിലാണ് പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തതെന്നാണ് സൂചന. അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി. രാമൻ എന്നിവർ മുഖേനെയാണ് തടസ്സ ഹർജി ഫയൽചെയ്തത്.

കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയിൽ പ്രിയയുടെ അദ്ധ്യാപനപരിചയം യുജിസി ചട്ടങ്ങൾക്ക് വിധേയമല്ലെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. യുജിസി. മാനദണ്ഡപ്രകാരം മതിയായ അദ്ധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അദ്ധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ഇത് തള്ളിക്കൊണ്ടായിരുന്നു പ്രിയ വർഗീസിന് അനുകൂലമായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവിനെതിരേയാണ് ഹർജിക്കാരനായ ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുന്നത്.

അതേസമയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഉത്തരവിട്ടതോടെ, അസോസിയേറ്റ് പ്രൊഫസർ ആയി പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റി കണ്ണൂർ സർവകലാശാല നിയമോപദേശം തേടി. സ്റ്റാൻഡിങ് കൗൺസൽ അഡ്വ. ഐ വി പ്രമോദിന്റെ നിയമോപദേശമാണ് കണ്ണൂർ സർവകലാശാല തേടിയത്.

സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ ആയി പ്രിയാ വർഗീസിന്റെ നിയമനം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. കണ്ണൂർ വിസി, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർക്കു കാരണംകാണിക്കൽ നോട്ടിസ് അയയ്ക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു. ഉത്തരവ് ഇതുവരെ ഗവർണർ റദ്ദാക്കിയിട്ടില്ല.

നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയിൽ ഹർജി നൽകിയത് ഗവർണറുടെ ഉത്തരവിനു ശേഷമാണ്. പ്രിയയ്ക്കു നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഡിവിഷൻ ബെഞ്ച് വിധി സ്റ്റേ ചെയ്തതോടെ പ്രിയയ്ക്കു പെട്ടെന്നുതന്നെ നിയമന ഉത്തരവു നൽകാനാണു സർവകലാശാലയുടെ തീരുമാനം.

നിയമന ഉത്തരവു നൽകേണ്ട നടപടിക്രമം മാത്രമാണു ബാക്കി. പ്രിയയുടെ സർട്ടിഫിക്കറ്റുകളുടെയും പ്രബന്ധങ്ങളുടെയും പരിശോധന ഇതിനകം പൂർത്തിയായി കഴിഞ്ഞൂ. എന്നാൽ ഗവർണറുടെ സ്റ്റേ ഉത്തരവു നിലനിൽക്കുന്നു എന്ന സാങ്കേതിക തടസ്സം മറികടക്കാനാണു നിയമോപദേശം തേടിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വർഗീസ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. . ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രിയ വർഗീസിന്റെ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അദ്ധ്യാപന കാലഘട്ടം കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റി എന്നാരോപിച്ചുകൊണ്ടാണ് പ്രിയ വർഗീസ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയാണ് ഏറെ വിവാദമായിരുന്നത്. ഈ റാങ്ക് പട്ടികയിൽ പ്രിയയുടെ അദ്ധ്യാപനപരിചയം ശരിയല്ല എന്നുകണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു. ഇതിനെതിരേ പ്രിയ വർഗീസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

യുജിസി. മാനദണ്ഡപ്രകാരം മതിയായ അദ്ധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അദ്ധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. എന്നാൽ അവധിയെടുക്കാതെയുള്ള ഗവേഷണ കാലഘട്ടം സർവീസായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷൻ കാലത്തെ പ്രവർത്തനങ്ങൾ അദ്ധ്യാപന പരിചയത്തിന്റെ ഭാഗമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.