ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി. ഇത്തരമൊരു നിരീക്ഷണമാണ് സുപ്രീംകോടതി പങ്കുവെച്ചത്. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്‌കറിയും നൽകിയ ഹർജികളിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.

മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ പ്രിയ വർഗീസിന് ആറ് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി.വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് യുജിസിയുടെയും ജോസഫ് സ്‌കറിയുടെയും ഹർജി പരിഗണിച്ചത്. അദ്ധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്തമാക്കിയ ശേഷമാണ് ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.

ഹർജികളിൽ പ്രിയ വർഗീസിനോട് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമനം മരവിപ്പിക്കണമെന്ന് യുജിസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ.എം. നടരാജ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനോടകം അസ്സോസിയേറ്റ് പ്രൊഫെസ്സറായി ജോലിയിൽ പ്രവേശിച്ചിതായി പ്രിയയുടെ അഭിഭാഷകരായ കെ.ആർ സുഭാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവർ കോടതിയെ അറിയിച്ചു.

ഇതേത്തുടർന്ന് സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്ന് ബെഞ്ച് വ്യക്തമാക്കി. ജോസഫ് സ്‌കറിയക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, അഭിഭാഷകൻ അതുൽ വിനോദ് എന്നിവർ ഹാജരായി.