- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂണെ പോർഷെ അപകട മരണക്കേസിലെ 17 കാരനെ ഉടൻ വിട്ടയയ്ക്കണം
പൂണെ: പൂണെ പോർഷെ അപകട മരണക്കേസിലെ പ്രതിയായ കൗമാരക്കാരനെ തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവ്. മെയ് 19 ന് അർദ്ധരാത്രി കൗമാരക്കാരൻ അതിവേഗത്തിൽ ഓടിച്ച ആഡംബര കാർ ഇടിച്ചുകയറി ബൈക്കിൽ സഞ്ചരിച്ച രണ്ട് എഞ്ചിനീയർമാർ കൊല്ലപ്പെട്ടിരുന്നു. സംഭവം രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
17 കാരന്റെ അമ്മായി ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹർജിയിലാണ് ജസ്റ്റിസുമാരായ ഭാരതി ദാഗ്രെയുടെയും മഞ്ജുഷ ദേശ്പാണ്ഡെയുടെയും ഉത്തരവ്. കുട്ടിയെ ഉടൻ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് വിട്ടയയ്ക്കണമെന്നാണ് അമ്മായി ഹർജിയിൽ ആവശ്യപ്പെട്ടത്. ഇനി മുതൽ 17 കാരൻ അമ്മായിയുടെ സംരക്ഷണയിലായിരിക്കും. കുട്ടിയുടെ മാതാപിതാക്കളും മുത്തച്ഛനും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് നേരത്തെ അറസ്റ്റിലായിരുന്നു. കുട്ടിയെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ബാല നീതി നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുമാത്രമേ തീരുമാനമെടുക്കാനാകു എന്ന് കോടതി പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താലും 18 വയസ് തികയാത്തതുകൊണ്ട് കുട്ടിയായി മാത്രമേ കണക്കാനാകു. പ്രായം പരിഗണിച്ചേ മതിയാകൂ ' രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആ സംഭവത്തിന്റെ ആഘാതമുണ്ടായെങ്കിലും കുട്ടിയും അതിന്റെ ആഘാതത്തിലാണ്. അവന് അൽപം സമയം കൊടുക്കണം, ബോംബെ ഹൈക്കോടതി പറഞ്ഞു.
ബാലനീതി നിയമപ്രകാരം ജാമ്യം അനുവദിക്കപ്പെട്ട കുട്ടിയെ സർക്കാർ നിരീക്ഷണ ഹോമിൽ പാർപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് കുട്ടിയുടെ കുടുംബത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആബാദ് പോണ്ട വാദിച്ചത്.
മെയ് 19 ന് മദ്യലഹരിയിലായിരുന്ന 17 കാരൻ ഓടിച്ച പോർഷെ കാർ ബൈക്കുമായി കൂട്ടിയിടിച്ച് എഞ്ചിനീയർമാരായ അനീഷ് അവധ്യ, അശ്വനി കോശ്ത എന്നിവരാണ് മരിച്ചത്. പൊതുജനസമ്മർദ്ദത്തെ തുടർന്നാണ് കുട്ടിയെ അനധികൃത തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്നും കുടുംബത്തിന്റെ അഭിഭാഷകൻ വാദിച്ചു.
നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് 17 കാരന് അനുവദിച്ച ഇളവുകളുടെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അപകടം നടന്ന് 15 മണിക്കൂറിനകം, പൂണെയിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനായ കൗമാരക്കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. ജാമ്യത്തിന് വച്ച ഉപാധികൾ പൊതുസമൂഹത്തിൽ രോഷമുണർത്തി. അപകടങ്ങളെ കുറിച്ച് 300 പേജുള്ള ഉപന്യാസം രചിക്കുക, ട്രാഫിക് പൊലിസിനൊപ്പം 15 ദിവസം പ്രവർത്തിക്കുക, മദ്യപാന ശീലം നിർത്താൻ കൗൺസലിങ് തേടുക എന്നിവയാണ് ബോർഡ് നിർദ്ദേശിച്ചത്.
പൊതുജനരോഷം ഉയർന്നതിന് പിന്നാലെയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഭേദഗതി ചെയ്ത് കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലാക്കിയത്. ബോർഡിന്റെ ഈ ഉത്തരവ് അനധികൃതവും, അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. കൗമാരക്കാരൻ പുനരധിവാസത്തിലാണ്. മന:ശാസ്ത്രജ്ഞനുമായുള്ള സെഷനുകൾ തുടരും. കുട്ടിയുടെ പുനരധിവാസമാണ് പ്രാഥമിക ലക്ഷ്യമെന്നും കോടതി പറഞ്ഞു.