ന്യൂഡൽഹി: അയോഗ്യനാക്കപ്പെടുന്നതും, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തതും കാരണം ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് തെളിയിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടില്ലെന്ന് സൂറത്ത് സെഷൻസ് കോടതി പറയുമ്പോൾ ചർച്ചയാകുന്നത് കേസ് നടത്തിപ്പിലെ വീഴ്ചയോ? എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം പരിഹരിക്കാൻ കഴിയാത്ത നഷ്ടമല്ലെന്നും അഡീഷണൽ സെഷൻസ് ജഡ്ജ് ആർ.പി മോഗെര പറഞ്ഞു. 27 പേജുകളുള്ള ഉത്തരവാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ആർ.പി മോഗെര പുറത്തിറക്കിയത്.

അപകീർത്തി പരാമർശ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അഡീഷണൽ സെഷൻസ് ജഡ്ജിയുടെ സുപ്രധാന പരാമർശമുള്ളത്. രാഹുൽ കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കിൽ ലോക്സഭാ അംഗത്വം അയോഗ്യമാക്കപ്പെടുമെന്നും, വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരെഞ്ഞടുപ്പ് അനിവാര്യമാകുമെന്നും രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഈ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് സെഷൻസ് ജഡ്ജി വ്യക്തമാക്കി.

രാഹുൽ ഗാന്ധി സാധാരണ വ്യക്തിയല്ല. എംപിയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. രാഹുൽ ഗാന്ധിയിൽ നിന്ന് ഉണ്ടാകുന്ന പരാമർശങ്ങൾക്ക് സാധാരണക്കാരിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിക്കും. ഉയർന്ന തലത്തിൽ ഉള്ള ധാർമികതയാണ് രാഹുൽ ഗാന്ധിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ ലക്ഷദ്വീപ് എംപിയ്‌ക്കെതിരായ കേസിൽ കേരള ഹൈക്കോടതി നടത്തിയ വിധി പോലും ചർച്ചയാക്കി അനുകൂല ഉത്തരവ് നേടാൻ രാഹുൽ ഗാന്ധിയുടെ അഭിഭാഷകർക്ക് കഴിഞ്ഞില്ല.

സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കും. നാളെത്തന്നെ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചേക്കുമെന്ന് സൂചന. മനു അഭിഷേക് സിങ്‌വിയോ ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കും. ഹൈക്കോടതിയെ സമീപിക്കാനുള്ള എല്ലാ തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ മനു അഭിഷേക് സിങ്‌വി , പി. ചിദംബരം, വിവേക് തൻഖ തുടങ്ങിയവർ അടങ്ങിയ ഒരു സമിതി രാഹുലിന്റെ കേസ് നടത്തിപ്പിന് വേണ്ടി രൂപവത്കരിച്ചിരുന്നു. മനു സിങ്‌വിയോ, ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന. ഹൈക്കോടതിയിൽനിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ സുപ്രിം കോടതിയെ സമീപിക്കേണ്ടിവരും.

സെഷൻസ് കോടതി വിധിക്കെതിരെ സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.അതെ സമയം അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽഗാന്ധി ഔദ്യോഗിക വസതി ഉടൻ ഒഴിയും. ഏപ്രിൽ 22 നകം വസതി ഒഴിയണം എന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് നോട്ടീസ് നൽകിയിരുന്നത്.