ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രീം കോടതി പരിഗണിക്കുന്നു. ഇരു ഭാഗത്തിനും 15 മിനിറ്റ് വാദിക്കാൻ സമയം നൽകിയിട്ടുണ്ട്. ശിക്ഷാവിധി ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുലിന്റെ ആവശ്യം. കേസിൽ വിധി തിരുത്തണമെങ്കിൽ ശക്തമായ വാദം വേണമെന്ന് ജസ്റ്റിസ് ഗവായ് തുടക്കത്തിൽ പരാമർശം നടത്തി. പരാതിക്കാരൻ പൂർണേഷ് മോദിയുടെ പേരിൽ ആദ്യം മോദി എന്ന സർ നെയിം ഉണ്ടായിരുന്നില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി വാദിച്ചു.

ബിജെപിക്കാരായവർ മാത്രമാണ് ഈ കേസിൽ നിയമ നടപടിയുമായി രംഗത്തുവന്നതെന്നും അഭിഷേക് സിങ്വി വാദിച്ചു. രാഹുലിന് സമുദായത്തെ അപകീർത്തിപ്പെടുത്താൻ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും സിങ്വി പറഞ്ഞു. അതേസമയം രാഹുൽ മാപ്പ് പറയാൻ തയ്യാറായില്ലെന്നും അഹങ്കാരിയാണെന്നുമാണ് പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ എതിർ സത്യവാങ്മൂലം. മാപ്പ് പറയില്ലെന്നാണ് രാഹുലിന്റെ മറുപടി സത്യവാങ്മൂലം.

ഗുജറാത്തിൽ നിന്നുള്ള എംഎൽഎയായ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ സൂറത്ത് സെഷൻസ് കോടതി രാഹുലിന് രണ്ട് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി വന്നതോടെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കാൻ തയ്യാറാകാതെ ഹൈക്കോടതി തള്ളി.

ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജൂലൈ 15നാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കീഴ്ക്കോടതിയുടെ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ അത് സ്വതന്ത്രമായി അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി നിലപാടു പറയാനുമുള്ള അവകാശത്തെ ശ്വാസം മുട്ടിക്കുമെന്ന് ഹർജിയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. 2019 ൽ കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗത്തിലെ മോദി പ്രയോഗത്തിലാണ് പൂർണേഷ് മോദി ഗുജറാത്തിലെ സൂറത്തിൽ രാഹുലിനെതിരെ അപകീർത്തിക്കേസ് നൽകിയത്. മാപ്പ് പറയില്ലെന്നും മാപ്പുപറയാൻ താൻ സവർക്കറല്ലെന്നും രാഹുൽ പറഞ്ഞിരുന്നു.