ലക്‌നൗ: വിനായക് ദാമോദർ സർവർക്കെതിരെ നടത്തിയ മോശം പരാമർശത്തിന് രാഹുൽ ഗാന്ധിക്ക് എതിരെ അന്വേഷണം നടത്താൻ ലക്‌നൗ കോടതിയുടെ ഉത്തരവ്. ഭാരത് ജോഡോ യാത്രയ്ക്കിടെ, മഹാരാഷ്ട്രയിൽ നടത്തിയ പരാമർശമാണ് രാഹുലിന് തിരിച്ചടിയായത്. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അംബരിഷ് കുമാർ ശ്രീവസ്തവയാണ് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

പരാതിയിൽ, സഫ്ദർ ജംഗ് പൊലീസിനോടാണ് കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് കോടതിയെ സമീപിച്ചത്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകൻ ആയിരുന്നെന്നും അവരിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നുമുള്ള പരാമർശത്തിന് എതിരെയാണ് പാണ്ഡെ കോടതിയെ സമീപിച്ചത്.

ജൂൺ രണ്ടിനാണ് ഈ കേസ് ഇനി പരിഗണിക്കുന്നത്. സിആർപിസിയിലെ സെക്ഷൻ 202(1) പ്രകാരം, മജിസ്ട്രറ്റിന്റെ അധികാര പരിധിക്ക് പുറത്താണ് ആരോപണവിധേയൻ കഴിയുന്നതെങ്കിൽ, കേസിനെ കുറിച്ച് മജിസ്‌ട്രേറ്റ് സ്വമേധയായോ, അതല്ലെങ്കിൽ വേറൊരാൾ മുഖേനയോ അന്വേഷണം നടത്തണം. എന്നിട്ട് മാത്രമേ സിആർപിസി സെക്ഷൻ 204 പ്രകാരം നടപടിക്രമങ്ങൾ തുടങ്ങനാവു.

തന്റെ പരാതിയിൽ എഫ്‌ഐആറെടുക്കണമെന്ന് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ ആവശ്യപ്പെട്ടിരുന്നു. പരാതി രജിസ്റ്റർ ചെയ്ത് പരാതിക്കാരെയും സാക്ഷികളെയും വിസ്തരിക്കാനാണ് കോടതി തീരുമാനിച്ചത്.

സവർക്കറെ ദേശസ്‌നേഹി എന്നാണ് മഹാത്മാ ഗാന്ധി വിവരിച്ചതെന്നും, എന്നാൽ, രാഹുൽ തന്റെ പ്രസ്താവനയിലൂടെ, സാമൂഹിക പ്രശ്‌നവും, വിദ്വേഷവും സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും പരാതിക്കാരനായ തനിത്ത് ഇത് വലിയ മാനസിക വ്യഥ ഉണ്ടാക്കിയെന്നും നൃപേന്ദ്ര പാണ്ഡെ ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം, മോദി സർനെയിം പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ, രാഹുൽ ഗാന്ധിക്ക് എതിരായ വിധിയിൽ സ്‌റ്റേയില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയും. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം ജസ്റ്റിസ് ഹേമന്ത് പ്രചക് അനുവദിച്ചില്ല.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും അസൽ കൈമാറാൻ വിചാരണ കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു.

ഹർജിയിൽ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. ഇടക്കാല സ്റ്റേ ഇല്ലാത്തതിനാൽ രാഹുലിന്റെ പാർലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും. രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രചക്ക് തയ്യാറായില്ല. നാലാം തീയതി താൻ വിദേശ യാത്രയ്ക്ക് പോകുകയാണെന്നും അതിനാൽ അവധിക്ക് ശേഷം വിധി പ്രസ്താവിക്കാമെന്നും ജഡ്ജി വ്യക്തമാക്കി. മെയ് അഞ്ചിന് വേനൽ അവധിക്ക് അടയ്ക്കുന്ന ഗുജറാത്ത് ഹൈക്കോടതി, ജൂൺ അഞ്ചിന് മാത്രമേ ഇനി തുറക്കുകയുള്ളു.

കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനു 2 വർഷം തടവുശിക്ഷ വിധിച്ചതിനെതിരായ പ്രധാന അപ്പീലിൽ മെയ്‌ 20നു മാത്രമേ വാദം തുടങ്ങൂ. ഇതിൽ തീർപ്പാകുംവരെ രാഹുലിനു ലഭിച്ച ജാമ്യം തുടരും.

'മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്' എന്നു രാഹുൽ പറഞ്ഞത് അപകീർത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ പരാതിയിലാണ് കഴിഞ്ഞമാസം 23നു മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലായിരുന്നു പരാമർശം.