കൊച്ചി: ആറുവയസ്സുകാരിയെ മിഠായി നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ അറുപത്തിയഞ്ചുകാരനായ പ്രതിക്ക് എട്ടുവർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. കളമശ്ശേരി ഐശ്വര്യ നഗർ കൊല്ലമുറി വീട്ടിൽ രമേശനെയാണ് (65) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.

2019 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മിഠായി നൽകി പ്രതിയുടെ വീട്ടിലെത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. ഇന്ത്യൻ ശിക്ഷാനിയമ പ്രകാരവും പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു.

കുട്ടിയുടെ മുത്തച്ഛന്റെ പ്രായമുള്ള പ്രതി തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് കുട്ടിക്കെതിരേ അതിക്രമത്തിന് മുതിർന്നതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കളമശ്ശേരി സിഐ. പി.ആർ. സന്തോഷാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.