ന്യൂഡൽഹി: ദേവികുളം എംഎ‍ൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട എ. രാജക്ക് ആശ്വാസം. ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. വോട്ടവകാശമില്ലാതെ സഭാ നടപടികളിൽ പങ്കെടുക്കാൻ എ. രാജക്ക് അനുവാദം നൽകി. അലവൻസിനും ആനുകൂല്യങ്ങൾക്കും അവകാശമുണ്ടായിരിക്കില്ല. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

രാജ ഹിന്ദുവാണെന്ന് എങ്ങിനെ തെളിയിക്കുമെന്ന് ചോദിച്ച സുപ്രീംകോടതി, ഹൈക്കോടതി വിധിക്കെതിരായ രാജയുടെ ഹരജി അന്തിമ വാദത്തിനായി മാറ്റിവെച്ചു. സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം എംഎ‍ൽഎ എ. രാജയുടെ വിജയം മാർച്ച് 20ന് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളല്ല രാജയെന്ന വാദം അംഗീകരിച്ചായിരുന്നു ഉത്തരവ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. കുമാറാണ് ഹരജി നൽകിയത്.

ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹരജിയിലെ പ്രധാനവാദം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി.എസ്‌ഐ പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹരജിയിലുണ്ടായിരുന്നു. തുടർന്ന് രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

താൻ ഹിന്ദുമത വിശ്വാസിയാണെന്നും സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തിയാണെന്നും സുപ്രീംകോടതിയിലെ അപ്പീലിൽ രാജ പറയുന്നു. തന്റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നും രാജ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ ഹർജി അംഗീകരിച്ചാണ് രാജയ്‌ക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞത്. ദേവികുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ രാജയുടെ വിജയം ഹൈക്കോടതി അസാധുവാക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്.