ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു.

ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല. നേരത്തേ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ബിനീഷ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കർണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്തിന്റേതാണ് ഇടക്കാല ഉത്തരവ്.

കേസിൽ 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അഞ്ച് മാസത്തിന് ശേഷമാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകൻ മുകേഷ് കുമാർ മാറോറിയാണ് ഇഡിക്ക് വേണ്ടി അപ്പീൽ ഹർജി ഫയൽ ചെയ്തത്.

ലഹരിക്കടത്തു കേസിലെ പ്രതിയായ അനൂപിന്റെ ബിസിനസിനെയും ദുശീലങ്ങളെക്കുറിച്ചും ബിനീഷിന് അറിയാമായിരുന്നതായാണ് ഇഡി വാദം. ലഹരിക്കടത്തിൽ പ്രതിയല്ല എന്നതുകൊണ്ട് കേസിൽ നിന്ന് ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്.

കേസിലെ ഒന്നു മുതൽ മൂന്നുവരെയുള്ള പ്രതികൾക്കെതിരേയാണ് NDPS നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുള്ളത്. ബിനീഷിനെതിരേ NDPS കുറ്റമില്ല, പകരം PMLA പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഹമ്മദ് അനൂപിന് ബിനീഷ് നൽകിയ 40 ലക്ഷം രൂപ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചു എന്നതായിരുന്നു ഇ ഡി വാദം. ഈ വാദം ഹൈക്കോടതി പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കണ്ട് തള്ളുകയായിരുന്നു.