- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ശരിവെച്ച് ഹൈക്കോടതി; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഉത്തരവ്; പ്രിയയുടെ യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തൽ
കൊച്ചി: കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹൈക്കോടതി ശരിവെച്ചു. ശുപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിയമന ശുപാർശ ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
യുജിസി മാനദണ്ഡമനുസരിച്ച് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ എട്ടുവർഷത്തെ അദ്ധ്യാപനപരിചയം ആവശ്യമാണ്. അത് പ്രിയ വർഗീസിന് ഇല്ലെന്നായിരുന്നു സിംഗിൾബെഞ്ച് വിധി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
യുജിസിയുടെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്‌സ് സർവിസ് ഡയറക്ടർ സേവനകാലയളവും അദ്ധ്യാപക പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണത്തെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.
കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കപ്പെടാൻ പ്രിയ വർഗീസ് അയോഗ്യയെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധിച്ചത്. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിയമനത്തിന് ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചിരുന്നു. പ്രിയാ വർഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലമാണ് യുജിസി കോടതിയിൽ നൽകിയത്. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സർവീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനങ്ങളും അദ്ധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വർഗീസ് വാദിച്ചത്. എന്നാൽ കോടതി ഈ വാദം അംഗീകരിക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തൃശ്ശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വൈസ് ചാൻസലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയ നടപടി വിവാദമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ