ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അപകീർത്തി കേസിൽ പരമാവധി ശിക്ഷ നൽകിയ വിധി സുപ്രീംകോടതി വിധിയോടെ അസാധുവായതോടെ രാഹുൽ വീണ്ടും വയനാട് എംപിയാകും. കേസിൽ വിചാരണാ കോടതി വിധിക്ക് സുപ്രീംകോടതി വിധിയിൽ വിമർശനവും ഉണ്ടായി. രണ്ട് വർഷം പരമാവധി ശിക്ഷ നൽകിയത് എന്തുകൊണ്ട് എന്ന് വിചാരണ കോടതി വിധിയിൽ പറയുന്നില്ലെന്ന് കോടതി വിമർശിച്ചു. ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം കേട്ട ശേഷം നിർണായക വിധി പുറപ്പെടുവിച്ചത്.

മനു അഭിഷേക് സിങ്‌വിയാണ് രാഹുലിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയപ്പോഴാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണയുടെ തുടക്കത്തിൽ എന്തുകൊണ്ട് പരമാവധി ശിക്ഷയെന്ന് വിചാരണ കോടതി വിശദീകരിക്കേണ്ടതുണ്ട്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

സാക്ഷി പോലും പരാമർശം അപകീർത്തിപ്പെടുത്താനെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷൻ വാദിച്ചു. പ്രകടിപ്പിച്ചത് ജനാധിപത്യത്തിലെ വിയോജിപ്പ് മാത്രമാണ് രാഹുൽ പ്രകടിപ്പിച്ചത്. മോദി സമുദായത്തെ അപമാനിച്ചിട്ടില്ല. അദ്ദേഹം കുറ്റവാളിയല്ല. പരമാവധി ശിക്ഷ നൽകാൻ കൊലക്കേസോ ബലാത്സംഗക്കേസോ അല്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എട്ടുവർഷത്തേക്ക് ഒരാളെ നിശബ്ദനാക്കുക മാത്രമാണ് ലക്ഷ്യം. വയനാട് തിരഞ്ഞെടുപ്പും സിങ്വി ഉന്നയിച്ചു. പരാതിക്കാർ ബിജെപി പ്രവർത്തകരാണ്. രാഹുലിനെതിരെ തെളിവില്ല, പത്ര കട്ടിങ്ങുകൾ മാത്രമേ ഉള്ളൂ. ഇത് ഒരാളെ മാത്രം ബാധിക്കുന്നതല്ല. തിരഞ്ഞെടുപ്പിന്റെ കൂടി വിഷയമാണ്. ഗുരുതരകുറ്റം ചെയ്തതു പോലെയാണ് വിചാരണക്കോടതിയുടെ സമീപനമെന്നും സിങ് വി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ മുഴുവൻ അപമാനിക്കാനായി ഉപയോഗിച്ചുവെന്നാണ് പരാതിക്കാരന്റെ വാദം. രാഹുൽ മനഃപുർവം നടത്തിയ പ്രസ്താവനയാണെന്നാണ് പരാതിക്കാരന്റെ വാദം. പരാതിക്കാരന് വേണ്ടി അഭിഭാഷകനായ മഹേഷ് ജഠ്മലാനി ഹാജരായി. യഥാർഥ വിഷയങ്ങൾ പറയുന്നില്ല. മനഃപൂർവം നടത്തിയ പ്രസ്താവനയാണ്. മോദി എന്നു പേരുള്ള എല്ലാവരെയും അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നനും ജഠ്മലാനി വാദിച്ചു.

കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ട്. പ്രസംഗം നേരിട്ടുകേട്ടയാളാണ് പരാതിക്കാരൻ. തിരഞ്ഞെടുപ്പ് കമ്മിഷാനായി വിഡിയോ എടുത്തയാളും സാക്ഷിയാണ്. രാഹുലിന് ഈ ശിക്ഷയിൽ നിന്ന് ഒരു സന്ദേശം കിട്ടണം. രാഹുലിന്റെ 'ചൗക്കി ദാർ ചോർ' എന്ന പരാമർശവും പരാതിക്കാരൻ കോടതിയിൽ ഉയർത്തി.

ഗുജറാത്തിലെ ബിജെപി എംഎ‍ൽഎ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. ഇരുവിഭാഗക്കാർക്കും വാദിക്കാൻ 15 മിനിറ്റ് ആണ് നൽകിയത്. എന്നാൽ ഇരു വിഭാഗം അഭിഭാഷകരുടെയും വാദങ്ങൾ സമയം കൂടുതൽ നീണ്ടു. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര് എന്നും ഇത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചത്. ഈ പരാമർശമാണ് കേസിന് കാരണമായത്. പൂർണേശിന്റെ പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് സൂററ്റ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു.

'മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?' എന്നു നടത്തിയ പരമാർശമാണ് കേസിനടിസ്ഥാനം. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു.

അതേസമയം, മജിസ്‌ട്രേട്ട് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ ഇപ്പോഴും സൂറത്ത് ജില്ലാ കോടതിയിലുണ്ട്. അപ്പീലിൽ തീർപ്പുണ്ടാകുംവരെ സൂറത്ത് ജില്ലാ കോടതി രാഹുലിനു ജാമ്യം നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അറസ്റ്റ് ഭീഷണി ഉണ്ടായിരുന്നില്ല. രണ്ട് വർഷം ശിക്ഷിച്ച വിധി സുപ്രംകോടതി സ്‌റ്റേ ചെയ്തതോടെ ഇതോടെ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധി തിരിച്ചെത്തും. മോദി സർക്കാറിനെതിരായ അവിശ്വാസ പ്രമേയം അടക്കം പാർലമെന്റിൽ എത്താനിരിക്കേ രാഹുൽ സഭയിൽ എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. അതോ രാഹുൽ സഭയിൽ എത്താതിരിക്കാൻ നീട്ടു കൊണ്ടു പോകുമോ എന്നുമാണ് അറിയേണ്ടത്.