- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരാവിലെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് വെട്ടി കൊല; ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ 15 പോപ്പുലർ ഫ്രണ്ടുകാരും കുറ്റക്കാർ; ഒന്നു മുതൽ എട്ടു വരെ പ്രതികളിൽ കൊലക്കുറ്റവും തെളിഞ്ഞു; ശിക്ഷ തിങ്കളാഴ്ച
ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികൾ കുറ്റക്കാർ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. ഒന്നുമതുൽ എട്ടു വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 15 പ്രതികളും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം എന്ന അബ്ദുൽ കലാം, അബ്ദുൽ കലാം, സഫറുദ്ദീൻ, മൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, പൂവത്തിങ്കൽ ഷാജി, ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ആദ്യ എട്ടു പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ഇവർക്ക് പരമാവധി ശിക്ഷ നൽകണമെന്നതാണ് പ്രോസിക്യൂഷൻ ആവശ്യം. അന്തിമ വിധി കോടതി പിന്നീട് പ്രഖ്യാപിക്കും. ശിക്ഷാ വിധിയിൽ വാദം കേട്ട ശേഷമാകും അന്തിമ വിധി. ആദ്യ എട്ട് പ്രതികൾക്ക് ജീവപര്യന്തത്തിൽ കുറയാത്ത ശിക്ഷ ഉറപ്പാണ്. വധശിക്ഷ നൽകണമെന്നതാണ് പ്രോസിക്യൂഷൻ ആവശ്യം.
2021 ഡിസംബർ 19-നായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വൻ ഗൂഢാലോചനകൾക്ക് ശേഷമായിരുന്നു കൊല എന്നാണ് ആരോപണം. വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.
കേസിൽ 15 പോപ്പുലർ ഫ്രണ്ടു കാരാണ് വിചാരണ നേരിട്ടത്. ആലപ്പുഴ ഡിവൈ.എസ്പി എൻ.ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 1,000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കി. ഇതെല്ലാം വിധിയിൽ നിർണ്ണായകമായി.
പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് രൺജിത്ത് ശ്രീനിവാസനെ കൊല്ലണമെന്ന ഉദ്ദേശ്യം വളരെ നേരത്തേ തന്നെയുണ്ടായിരുന്നു. ഇതിനായി വിപുലമായ മുന്നൊരുക്കങ്ങളും ഗൂഢാലോചനകളും പ്രതികൾ നടത്തിയിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് കൊല നടത്തിയത്. ഡിസംബർ 18-ന് പ്രതികൾ ഒത്തുകൂടുകയും രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തണമെന്ന് പദ്ധതിയിടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ വാദം.
അർദ്ധരാത്രി രൺജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. പിറ്റേന്ന് രാവിലെ ആറ് മണിയോടെ വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ പതിനെട്ടാം തീയതി രാത്രിയാണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.
രഞ്ജിത്ത് ശ്രീനിവാസൻ പ്രാകീടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയിൽ നിന്നു കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കേസിന്റെ വാദം നടന്നത് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ്. ഷാൻ വധക്കേസിൽ 13 ആർഎസ്എസ് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ