- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം പ്രതിയുടെ ഭാര്യ വീട്ടിൽ നിന്നും കിട്ടിയ മൊബൈലിൽ 'ഹിറ്റ് ലിസ്റ്റ്' കണ്ടെത്തി; കൊല്ലാൻ തയ്യറാക്കിയവരുടെ പട്ടികയിലെ ആദ്യ പേരുകാരൻ രഞ്ജിത് ശ്രീനിവാസൻ; 15 പ്രതികൾക്കെതിരേയും കൊലക്കുറ്റം നിലനിൽക്കും; വധശിക്ഷയ്ക്ക് വാദം; പോപ്പുലർ ഫ്രണ്ടിനെ കുടുക്കിയത് പിണറായി പൊലീസിന്റെ പഴുതടച്ച തെളിവുകൾ
ആലപ്പുഴ: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികൾക്കെതിരേയും കൊലക്കുറ്റം തെളിഞ്ഞെന്ന് പ്രോസിക്യൂഷൻ. കുറ്റപത്രത്തിൽ ആരോപിച്ചിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കാൻ കഴിഞ്ഞതായി പ്രോസിക്യൂഷൻ വിശദീകരിച്ചു. മുഴുവൻ പ്രതികൾക്കും വധശിക്ഷയ്ക്കോ ജീവപര്യന്തം തടവിനോ അർഹരാണെന്ന തരത്തിലാണ് കോടതി കണ്ടെത്തിയിട്ടുള്ളതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അതുകൊണ്ട് തന്നെ കേരളാ പൊലീസിനും പ്രോസിക്യൂഷനും ഏറെ അഭിമാനകരമാണ് കോടതിയുടെ വിധി. ഇനി പരമാവധി ശിക്ഷ നൽകുമോ എന്നതാണ് നിർണ്ണായകം.
രഞ്ജിത് ശ്രീനിവാസനെ പുരയ്ക്കകത്ത് കയറി കൊലപ്പെടുത്താൻ നേതൃത്വം കൊടുത്ത ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്ക് മേലുള്ള കൊലപാതക കുറ്റം തെളിഞ്ഞു. അകത്ത് കയറിയ പ്രതികളെ സഹായിക്കനായി വീടിന് പുറത്ത് നിന്ന ഒമ്പത് മുതൽ 12 വരെയുള്ള പ്രതികൾക്കെതിരെയും സെക്ഷൻ 149-ാംവകുപ്പ് പ്രകാരം കൊലക്കുറ്റം നിലനിൽക്കും. കൊലപാതകത്തിന്റെ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്ത 13,14,15 പ്രതികൾക്കെതിരെയും കൊലക്കുറ്റം ഉണ്ട്. അതുകൊണ്ട് എല്ലാവർക്കും പരമാവധി ശിക്ഷ കൊടുക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ ഇന്ന് വധി പറഞ്ഞ കോടതി എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
കൊലപാതകം നടത്തുന്ന സമയത്ത് രഞ്ജിത്തിന്റെ ഭാര്യയേയും അമ്മയേയും ഉപദ്രവിച്ചതിനുള്ള കേസിലും വീട്ടിൽ അതിക്രമിച്ച് കയറിയതിന് രജിസ്റ്റർ ചെയ്ത കേസിലും തെളിവ് നശിപ്പിച്ച കേസിലും പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പ്രോസിക്യൂഷൻ അണിനിരത്തിയ 176 സാക്ഷികളിൽ 156 സാക്ഷികളെ കോടതി വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറോളം തൊണ്ടിമുതലുകളും ഹാജരാക്കി. വയലാറിൽ നന്ദുകൃഷ്ണ എന്നയാളുടെ കൊലപാതകത്തിന് ശേഷം ഒരു ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയിരുന്നു.
മൂന്നാംപ്രതിയായ അനൂപിന്റെ ഭാര്യാ വീട്ടിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് പൊലീസ് അന്വേഷണത്തിൽ ഹിറ്റ് ലിസ്റ്റ് കണ്ടെത്തിയത്. ഇതിൽ ഒന്നാമത്തെ പേര് കൊലചെയ്യപ്പെട്ട രഞ്ജിത് ശ്രീനിവാസന്റേതായിരുന്നു. ആ ലിസ്റ്റിൽ ധാരാളം പേരുകളുണ്ടായിപുന്നു പ്രോസിക്യൂഷൻ പറഞ്ഞു. 2021 ഡിസംബറിൽ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടത്. പ്രതിഭാഗത്തിന്റെ വാദം കേട്ടതിന് ശേഷമാകും ശിക്ഷ പ്രഖ്യാപിക്കുക. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
പിണറായി സർക്കാരിന് കീഴിലെ പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പോപ്പുലർഫ്രണ്ട് പ്രതികൾക്ക് തിരിച്ചടിയായത്. നൈസാം, അജ്മൽ, അനൂപ് , മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ,മുൻഷാദ്, ജസീബ് രാജ, മൻഷാദ് എന്നിവർക്കെതിരാണ് ആദ്യ എട്ട് പ്രതികൾ. 13, 14. 15, പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷർണാസ് അഷ്റഫ് എന്നിവരാണ് 13, 14, 15 പ്രതികൾ. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ വീട്ടിൽ അതിക്രമിച്ച് കടന്നെന്ന കുറ്റവും കോടതി വിധിച്ചിട്ടുണ്ട്. 1, 3.7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾ കുറ്റക്കരാണെന്ന വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ വിനോദിനി പറഞ്ഞു. പരമാവധി ശിക്ഷ ലഭിക്കണമെന്നും അവർ പറഞ്ഞു. വിധി കേൾക്കാൻ കോടതിയിൽ രൺഞ്ജിത്തിന്റെ അമ്മയും ഭാര്യയും മക്കളും എത്തിയിരുന്നു. 2021 ഡിസംബർ 19നായിരുന്നു വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രഞ്ജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായിരുന്നു.
ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസിന്റെ അന്വേഷണം. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷമാണ് അക്രമികൾ എത്തിയത്. ഇവർ വാഹനങ്ങളിൽ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ