- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് വി ഭട്ടി കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്; ആന്ധ്ര ചിറ്റൂർ സ്വദേശിയായ എസ് വി ഭട്ടി നിലവിൽ ആക്റ്റിങ് ചീഫ് ജസ്റ്റിസ്; രണ്ടുഹൈക്കോടതികളിലെ മുതിർന്ന ജഡ്ജി എന്ന അനുഭവം നീതി നടപ്പാക്കുന്നതിന് ഉപകരിക്കുമെന്ന് നിരീക്ഷിച്ചത് സുപ്രീംകോടതി കൊളീജിയം
കൊച്ചി: കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ (എസ് വി ഭട്ടി) നിയമിച്ചു. നിലവിൽ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആന്ധ്രാ സ്വദേശിയായ എസ്വി ഭട്ടി. കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി കൂടി ആണ് എസ്വി ഭട്ടി. ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഭട്ടിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ഏപ്രിൽ 19ന് ശുപാർശ ചെയ്തിരുന്നു
എസ്വി ഭട്ടി 2019 മാർച്ച് 19 മുതൽ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരികയാണ്. 2013ലാണ് ഭട്ടിയെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിക്കുന്നത്. രണ്ട് ഹൈക്കോടതികളിലെ മുതിർന്ന ജഡ്ജി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നീതി നടപ്പാക്കുന്നതിന് ഉപകരിക്കുമെന്ന് സുപ്രീംകോടതി കൊളീജിയം വ്യക്തമാക്കിയിരുന്നു.
എസ് വി ഭട്ടി ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ്. ബെംഗളൂരുവിലെ ജഗദ്‌ഗുരു രേണുകാചാര്യ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. 1987 ലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തത്. പ്രാക്ടീസിനിടെ, വിവിധ ബോർഡുകളുടെയടക്കം സ്റ്റാൻഡിങ് കൗൺസിൽ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2019 മുതൽ കേരള ഹൈക്കോടതിയിൽ സ്ഥിര ജഡ്ജിയായി. കേരള ഹൈക്കോടതിയുടെ ലീഗൽ സർവീസസ് കമ്മറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചുവരികയായിരുന്നു. 60 വയസുണ്ട്.