കൊച്ചി: പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ട്വന്റി ട്വന്റി പാർട്ടി കോഓർഡിനേറ്റർ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് അനിവാര്യമല്ലെന്നു വിലയിരുത്തിയാണ് നടപടി. പിവി ശ്രീനിജൻ എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചെന്ന പേരിൽ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് സാബു എം ജേക്കബിനെതിരെ കേസെത്തിട്ടുള്ളത്.

ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ കൃഷിദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ ഉള്ളവർ വേദി വിടുകയായിരുന്നു. ശ്രീനിജന്റെ പരാതിയിൽ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.

എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി ഹർജി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കും. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നോട്ടീസ് നൽകി മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും യാതൊരു വിധ പീഡനവും പാടില്ലെന്നും കോടതി പറഞ്ഞു.

അതേസമമയം അുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ട്വന്റി ട്വന്റിയെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്ന് പാർട്ടി കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു. ശ്രീനിജന്റെ പരാതി ട്വന്റി ട്വന്റിയെ ഇല്ലാതാക്കാൻ വേണ്ടി. പാർട്ടി നടത്തുന്ന വികസന പ്രവർത്തനങ്ങൾ കുന്നത്തുനാട് എംഎൽഎയായ പി വി ശ്രീനിജൻ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.

എംഎൽഎയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ സാബു ജേക്കബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സാബുവിന്റെ ആരോപണം. എൽഡിഎഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണ്. അതുകൊണ്ടാണ് പാർട്ടി നേതാക്കൾ വേദിയിൽ നിന്നും ഇറങ്ങിയത്. ശ്രീനിജനെ അപമാനിച്ചിട്ടില്ല.

ഇനി കുന്നത്തുനാട്ടിൽ ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ശ്രീനിജൻ പരിഭ്രാന്തനാകുന്നത്. എംഎൽഎ പദവിയുടെ സുഖമറിഞ്ഞ ശ്രീനിജന്റെ ഉൾവിളിയാണ് ഇപ്പോഴത്തെ കേസ്. എംഎൽഎ ആണെന്ന് കരുതി വൃത്തികേടുകൾ ചെയ്യുന്ന ആളെ ബഹുമാനിക്കേണ്ടതില്ല. ട്വന്റി ട്വന്റിയെ തകർക്കാൻ ശ്രമിക്കുന്ന നേതാക്കളുമായി ഇനിയും വേദി പങ്കിടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

അതേസമയം ട്വന്റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നെന്ന് പി വി ശ്രീനിജൻ എംഎൽഎ ആരോപിച്ചു. താൻ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ആളുകളെ സാബു ജേക്കബ് വിലക്കുകയാണ്. താൻ നിരന്തരം അപമാനം നേരിടുകയാണ്. വിശദമായി അന്വേഷിച്ച ശേഷമാണ് പൊലീസ് കേസെടുത്തതെന്നും എംഎൽഎ പറഞ്ഞു.