- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
' നിങ്ങൾക്ക് സാധിക്കില്ലെങ്കിൽ ഞങ്ങൾ അത് നടപ്പാക്കും; 2024 ൽ കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങൾ വിലപ്പോവില്ല; കോസ്റ്റ് ഗാർഡിലെ സ്ഥിരം കമ്മീഷനിൽ നിന്ന് വനിതകളെ മാറ്റി നിർത്താനാവില്ലെന്ന് സുപ്രീം കോടതി; വീണ്ടും കേന്ദ്രസർക്കാരിന് വിമർശനം
ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ, വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ നൽകാത്തതിനെ ചൊല്ലി കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. വനിതകളെ മാറ്റി നിർത്താനാവില്ലെന്നും, 'നിങ്ങൾ അത് ചെയ്തില്ലെങ്കിൽ, ഞങ്ങൾ അത് നടപ്പാക്കുമെന്നും', കോടതി പറഞ്ഞു. പ്രായോഗികത അടക്കം കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങൾ 2024 ൽ വിലപ്പോവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോസ്റ്റ് ഗാർഡിനോട് ആവശ്യപ്പെടെമെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
അടുത്ത വാദത്തിനായി കേസ് മാർച്ച് ഒന്നിലേക്ക് മാറ്റി. കോസ്റ്റ് ഗാർഡിലെ പ്രിയങ്കാ ത്യാഗി എന്ന വനിതാ ഓഫീസറാണ് ഈ വിഷയത്തിൽ ഹർജി നൽകിയത്. ഷോർട്ട് സർവീസ് കമ്മീഷനിൽ സേനയിൽ ചേരുന്ന യോഗ്യരായ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കോസ്റ്റ് ഗാർഡ് നാവികേസനയിൽ നിന്നും സൈന്യത്തിൽ നിന്നും വ്യത്യസ്തമാണെന്നാണ് അറ്റോർണി ജനറൽ വാദിച്ചത്.
നേരത്തെ ഫെബ്രുവരി 19ന് കേസ് പരിഗണിച്ചപ്പോളും കേന്ദ്രത്തെ സുപ്രീം കോടതി വിമർശിച്ചിരുന്നു. എന്തുകൊണ്ടാണ് കോസ്റ്റ് ഗാർഡിൽ മാത്രം വനിതകളെ ആവശ്യമില്ലാത്തതെന്ന് കോടതി ചോദിച്ചിരുന്നു. വനിതകൾക്ക് അതിർത്തികൾ കാക്കാമെങ്കിൽ തീരദേശവും കാക്കാം, നിങ്ങൾ നാരീ ശക്തിയെ കുറിച്ച് പറയുന്നു, അത് ഇവിടെ പ്രാവർത്തികമാക്കു, ചീഫ് ജസ്റ്റിസ് അന്ന് പറഞ്ഞു.
കോസ്റ്റ് ഗാർഡിൽ നിലനിൽക്കുന്ന പുരുഷാധിപത്യ മനോഗതിയെ കോടതി ചോദ്യം ചെയ്തിരുന്നു. നാവികസേനയിൽ വനിതകൾ ഉണ്ടെങ്കിൽ, കോസ്റ്റ് ഗാർഡിന്റെ കാര്യത്തിൽ എന്താണ് പ്രത്യേകത? വനിതകളെ കോസ്റ്റ് ഗാർഡിന്റെ ഭാഗമാക്കാനാവില്ലെന്ന് പറയുന്ന കാലം കടന്നുപോയി, ചീഫ് ജസ്റ്റിസ് അന്ന് പറഞ്ഞിരുന്നു.
പരാതിക്കാരിയായ പ്രിയങ്ക ത്യാഗി ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആശ്വാസം കിട്ടാതെ വന്നതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ