- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് വരാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി; മദനിക്ക് ജൂലൈ 10 വരെ കേരളത്തിൽ തങ്ങാം; അനുമതി നൽകിയിരിക്കുന്നത് ആരോഗ്യനില മോശമായ പിതാവിനെ കാണാൻ; യാത്രയിൽ കർണാടക പൊലീസ് അനുഗമിക്കണമെന്നും കോടതി
തിരുവനന്തപുരം: ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചു. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാൻ വരാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. കർണാടക പൊലീസ് യാത്രയിൽ മദനിയെ അനുഗമിക്കണം, കേരള പൊലീസ് മറ്റ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് മഅദനിക്ക് കേരളത്തിലേക്കു വരാൻ ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചത്. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
മദനിയുടെ ജാമ്യ വ്യവ്യസ്ഥയിൽ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് കർണാടക ഭീകരവിരുദ്ധ സെൽ വാദിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദാനിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.
ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചാൽ മദനി ഒളിവിൽ പോകാൻ സാധ്യതയുണ്ട്. കേസിൽ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികൾ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
അതേസമയം, തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ അനുവാദം തേടിയതെന്നും അദ്ദേഹം എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമുള്ളതായിരുന്നു സത്യവാങ്മൂലം.
ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ല. എല്ലാ ദിവസവും വിചാരണ നടക്കുന്നുവെന്ന സർക്കാറിന്റെ വാദം തെറ്റാണ്. മാസത്തിൽ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും പങ്കില്ല. ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്. നേരത്തെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
വിചാരണ പൂർത്തിയായി കേസ് അന്തിമവാദത്തിലെത്തിയ സാഹചര്യത്തിൽ മഅ്ദനിയെ ഇനിയും ബംഗളൂരുവിൽ വെക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹരജിയിൽ വാദം നടന്നപ്പോൾ, ഇത്രയും നാളായി ജാമ്യവ്യവസ്ഥകളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് ജസ്റ്റിസ് രസ്തോഗി കർണാടകയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു. ഇന്ത്യൻ മുജാഹിദീൻ, സിമി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തിയാണ് മഅ്ദനിയെന്നും നിരോധിക്കപ്പെട്ട കേരളത്തിലെ ഒരു പാർട്ടിയുടെ സ്ഥാപകനാണെന്നും കേരളത്തിൽ പോകാൻ മഅ്ദനിക്ക് ഇളവ് നൽകരുതെന്നുമാണ് കർണാടക സർക്കാർ ചോദ്യത്തിന് മറുപടി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ