ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു സുപ്രീംകോടതി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണു കോടതി സ്‌റ്റേ ആവശ്യം തള്ളിയത്. വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ആരുടെയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹർജികൾ മുൻവിധിയോടെ ആണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും പരിഗണിക്കും.

കേന്ദ്ര സർക്കാരിനു സമയം ചോദിക്കാൻ അവകാശമുണ്ടെന്നു കോടതി പറഞ്ഞു. കേസിൽ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാമെന്നും കോടതി വ്യക്തമാക്കി. 4 വർഷത്തിനു ശേഷമാണു കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും സിഎഎ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരിലൊരാളായ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. എന്നാൽ, ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹർജികൾ നിലനിൽക്കില്ലെന്നും വാദിച്ചു. കേസ് പരിഗണിക്കവേ ആർക്കെങ്കിലും പൗരത്വം നൽകിയാൽ വീണ്ടും കോടതിയിലെത്തുമെന്ന് ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. ഇക്കാലയളവിൽ ആർക്കെങ്കിലും പൗരത്വം നൽകില്ലെന്ന ഉറപ്പ് കേന്ദ്രം കോടതിയിൽ നൽകിയില്ല. സ്‌റ്റേ ആവശ്യത്തിൽ വാദം മൂന്നാഴ്‌ച്ചകൾക്ക് ശേഷം വിശദമായി നടത്താമെന്ന് കോടതി അറിയിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ, അസം സ്റ്റുഡന്റ് യൂണിയൻ, കേരള സർക്കാർ, അസദുദ്ദീൻ ഒവൈസി തുടങ്ങിയവരടക്കം നൽകിയ 237 ഹർജികളാണ് കോടതിയുടെ പരിഗണനയ്ക്കെത്തിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹർജികൾക്കായി പ്രത്യേക നോഡൽ അഭിഭാഷകരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ബെഞ്ച് ഇറക്കി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച സമയം കേന്ദ്ര സർക്കാർ തേടിയെങ്കിലും മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. പൗരത്വ ഭേദഗതി നിയമം ഒരാളുടേയും പൗരത്വം എടുത്ത് കളയില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു.

കേസിലെ വാദം കേൾക്കാൻ ലീഗ് നേതാക്കളും കോടതിയിൽ എത്തിയിരുന്നു. കോടതിയിൽ നിന്നുണ്ടായത് വലിയ ആശ്വാസമെന്ന് മുസ്ലിംലീഗ് നേതാക്കൾ പ്രതികരിച്ചു. 237 പ്രധാന ഹർജികൾ തീർപ്പാകാനിരിക്കെ, നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള സർക്കാർ വിജ്ഞാപനമാണു ഹർജിയിൽ ചോദ്യം ചെയ്യപ്പെട്ടത്. മുസ്‌ലിം ലീഗിനു വേണ്ടി ഹാജരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരാണ് അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം കോടതി അനുവദിച്ചു. 2019ൽ ആണു നിയമം പാസായതെന്നും അന്ന് ഇതു നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് കോടതി സ്റ്റേ നൽകാതിരുന്നതെന്നും സിബൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി ഇടക്കാല അപേക്ഷകൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിടുക്കപ്പെട്ട് സിഎഎ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കപിൽ സിബൽ പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് കേരള മുസ്ലിംലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നുവെന്നും ഇത്തരത്തിൽ മതപരമായ വേർതിരിവ് കാണിക്കുന്നത് ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

സിഎഎയ്‌ക്കെതിരെ സുപ്രീംകോടതിയിൽ ആദ്യം ഹർജി ഫയൽ ചെയ്ത സംസ്ഥാനം കേരളമാണ്. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് വിരുദ്ധമാണ് സിഎഎ എന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സിഎഎ ന്യൂനപക്ഷങ്ങളിൽ ഒരുവിഭാഗത്തിന് പൗരത്വം നൽകുന്നില്ലെന്നു മാത്രമല്ല അവരെ ഒറ്റപ്പെടുത്തുക എന്ന കുറ്റംകൂടി ചെയ്യുന്നുവെന്ന് ഒവൈസി കുറ്റപ്പെടുത്തി.

എന്നാൽ പൗരത്വ ഭേദഗതി നിയമം പൗരന്മാരുടെ നിയമപരമോ ജനാധിപത്യപരമോ മതേതരമോ ആയ അവകാശങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ചു. 2019 ഡിസംബറിലാണ് കേന്ദ്രം സിഎഎ പാർലമെന്റിൽ പാസ്സാക്കിയത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ മതപരമായ വിവേചനം നേരിടുന്ന ഹിന്ദു, സിഖ്, ജൈന, പാർസി, ബുദ്ധ, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനായാണ് 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തത്.