ന്യൂഡൽഹി: കേസിൽ കുടുങ്ങിയ തമിഴ്‌നാട് മുൻ മന്ത്രി കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാൻ വിസമ്മതിച്ച തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ' തമിഴ്‌നാട് ഗവർണറുടെ പെരുമാറ്റത്തിൽ തങ്ങൾക്ക് വളരെ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അദ്ദേഹത്തിന് ഇങ്ങനെ ചെയ്യാൻ കഴിയില്ല. അദ്ദേഹം സുപ്രീം കോടതിയെയാണ് വെല്ലുവിളിക്കുന്നത്, ചന്ദ്രചൂഡ് പറഞ്ഞു.

'തമിഴ്‌നാട് ഗവർണർ സുപ്രീംകോടതിയെ ധിക്കരിക്കുകയാണ്. അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ അദ്ദേഹത്തെ ശരിയായ രീതിയിൽ ഉപദേശിച്ചിട്ടില്ല. എനിക്ക് ഒരു വ്യക്തിയെയോ മന്ത്രിയെയോ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ടാകാം, പക്ഷേ നമ്മൾ ഭരണഘടനാ നിയമം പാലിച്ചേ മതിയാവു. ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്', ചീഫ് ജസ്റ്റിസ് പറഞ്ഞു. ' മുഖ്യമന്ത്രി പറയുന്നു, ഞങ്ങൾക്ക് ഇന്നയാളെ നിയമിക്കണമെന്ന്. പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമെന്ന നിലയിൽ ഗവർണർ അത് പാലിക്കണം, അദ്ദേഹം സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ്", ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.

ഗവർണർ ഭരണഘടന പിന്തുടർന്നില്ലെങ്കിൽ എന്താണ് സർക്കാർ ചെയ്യുക എന്ന് കേന്ദ്രസർക്കാരിനോട് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ജസ്റ്റിസുമാരായ ജെ ബി പാർദിവാല, മനോജ് മിശ്ര എന്നിവരും കൂടി അടങ്ങുന്ന ബഞ്ച് പൊന്മുടിയെ മന്ത്രിയായി നിയമിക്കാൻ നാളെ വരെ സമയം അനുവദിച്ചു. നാളെ രാവിലെ തീരുമാനമെടുത്തതായി അറിയിച്ചില്ലെങ്കിൽ, ഭരണഘടന പ്രകാരം പ്രവർത്തിക്കാൻ ഗവർണറോട് നിർദ്ദേശിച്ച് കൊണ്ട് ഉത്തരവിറക്കുമെന്നും തമിഴ്‌നാട് ഗവർണറുടെ പെരുമാറ്റത്തിൽ വളരെ ആശങ്കയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പൊന്മുടിയെ വീണ്ടും നിയമിക്കണമെന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ശുപാർശ ഗവർണർ ആർ.എൻ.രവി തള്ളുകയായിരുന്നു. കെ.പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്നും സത്യപ്രതിജ്ഞ നടത്താനാകില്ലെന്നുമായിരുന്നു ഗവർണറുടെ മറുപടി. പൊന്മുടിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കുക മാത്രമാണുണ്ടായതെന്നും വിശദീകരണത്തിലുണ്ട്. ഗവർണറുടെ നടപടി ഭരണഘടനാ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നാണ് എം കെ സ്റ്റാലിൻ സർക്കാർ ഹർജിയിൽ വാദിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഭാര്യ വിശാലാക്ഷിക്കും മദ്രാസ് ഹൈക്കോടതി ഡിസംബറിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിൽ, പൊന്മുടിയുടെ ശിക്ഷ മാർച്ച് 11ന് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും മൂന്ന് വർഷത്തെ തടവ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിയാക്കാൻ ഗവർണർ വിസമ്മതിച്ചത്. നേരത്തെ, ബില്ലുകൾ മന്ത്രിസഭ പാസാക്കുന്നതിൽ കാലതാമസം വരുത്തിയതിനെതിരെ സംസ്ഥാനം ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.