കൊച്ചി: സിറോ മലബാർ സഭ വിവാദ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. വിചാരണയ്ക്കു നേരിട്ടു ഹാജരാവണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടു ഹാജരാവുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി.

തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ ഒഴിവാക്കണമെന്നതുമായിരുന്നു കർദിനാളിന്റെ ആവശ്യം. കേസ് മുൻപ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴും കർദിനാൾ ഹാജരായിരുന്നില്ല. പല കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു.  കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു.

ഭൂമി വിൽപന കേസിൽ കർദിനാൾ ആലഞ്ചേരിയോട് നേരിട്ട് ഹാജരാകാൻ കഴിഞ്ഞ ജൂൺ 21 നാണ് കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രജനി മോഹൻ ഉത്തരവിട്ടത്. അദ്ദേഹത്തിന് പുറമെ സഭയുടെ മുൻ പ്രോക്യുറേറ്ററായിരുന്ന ജോഷി പുതുവക്കും ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. തൃക്കാക്കരയിലെ കരുണാലയം, ഭാരത മാത കോളേജ് പരിസരങ്ങളിലെ ഭൂമിയുടെ വിൽപനയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഉത്തരവ്. കരുണാലയ പരിസരത്തെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ആറ് കേസും ഭാരത മാത കോളജിന് സമീപത്തെ ഭൂമി സംബന്ധിച്ച് ഒരു കേസുമാണ് ഉള്ളത്.

വിൽക്കാൻ അനുമതിയില്ലാത്ത ഭൂമി വിൽപന നടത്തി, സാമ്പത്തിക നഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ കേസിലാണ് കോടതി നിർദ്ദേശം. കേസിൽ ഭൂമി ഇടപാടിൽ ഇടനിലക്കാരനായ സാജു വർഗീസ് ഹാജരായി ജാമ്യം എടുത്തിരുന്നു.

നേരത്തേ മെയ്‌ 16ന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി ആലഞ്ചേരി ഹരജി നൽകുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ അത്യാവശ്യ യാത്രകൾ ചെയ്യേണ്ട സാഹചര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. അതേസമയം, കർദിനാളിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി സന്ദർശിക്കുന്നുണ്ടെന്നും വാദിഭാഗം കോടതിയെ അറിയിച്ചു. കോടതിയിൽനിന്ന് നാല് കിലോമീറ്റർ മാത്രം മാറിയാണ് അദ്ദേഹം താമസിക്കുന്നതെന്നും പരാതിക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി.