ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് ആശ്വാസം. വിമത എംഎൽഎമാർക്ക് തിരിച്ചടിയും കിട്ടിയ എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീംകോടതി നൽകിയില്ല.

അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയിൽ സുപ്രീം കോടതി ഹിമാചൽ സർക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു. മെയ്‌ ആറിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനുമാണ് 6 എംഎൽഎമാർക്ക് അയോഗ്യരാക്കിയത്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതിനുമാണ് സ്പീക്കർ എംഎ‍ൽഎമാരെ അയോഗ്യരാക്കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് എംഎ‍ൽഎമാരുടെ ഹർജിയിൽ വാദം കേട്ടത്.

രജിന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടോ, രവി ഠാക്കൂർ, ചേതന്യ ശർമ എന്നീ എംഎ‍ൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. 'കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച ആറ് എംഎ‍ൽഎമാരെ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു' എന്നായിരുന്നു സ്പീക്കർ കുൽദീപ് സിങ് പതാനിയ ഉത്തരവിൽ പറഞ്ഞത്.

കോൺഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാർട്ടിയുടെ ആറ് എംഎ‍ൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മനു അഭിഷേക് സിംഘ്വി പരാജയപ്പെട്ടിരുന്നു. മുതിർന്ന നേതാവ് ആനന്ദ് ശർമയെ പിന്തുണയ്ക്കുന്നവരും പി.സി.സി. അധ്യക്ഷ പ്രതിഭ സിങ്ങിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള തർക്കമായിരുന്നു ഹിമാചലിലെ വിമത നീക്കത്തിന് പിന്നിൽ.