കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. കേസിൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിലെ പ്രതികളായ ദിലീപും ശരത്തും നൽകിയ ഹർജിയാണ് തള്ളിയത്. ജഡ്ജ് ഹണി എം വർഗീസാണ് വിധി പറഞ്ഞത്. ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്നും പ്രതികൾ ഈ മാസം 31ന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, കുറ്റപത്രം വായിച്ച് കേൾപ്പിക്കാനാണ് ദിലീപും ശരത്തും ഈമാസം 31 ന് ഹാജരാകണമെന്ന് നിർദ്ദേശിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

മൊബൈൽ ഫോണുകളിൽ നിന്നടക്കം നിർണായകമായ തെളിവുകൾ നശിപ്പിച്ചു എന്നതാണ് ദിലീപിനെതിരായ കണ്ടെത്തൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈവശം വയ്ക്കുകയും ഇത് നശിപ്പിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്തു എന്നതുമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരായ കണ്ടെത്തൽ. എന്നാൽ ഇവ വെറും കണ്ടെത്തലുകൾ മാത്രമാണെന്നും തെളിവുകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹർജി നൽകിയത്.

ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബിൽ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം.

നടിയെ ആക്രമിച്ച് പകത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തിൽ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ഐപാഡിൽ ആക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. 112 സാക്ഷി മൊഴികളും 300ൽ ഏറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത