- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്താക്കിയവർക്ക് പകരം പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ വരട്ടെ; കേരള സർവകലാശാല സെനറ്റിൽ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾക്ക് ആശ്വാസം; ഗവർണർ പുതിയ നാമ നിർദ്ദേശം ചെയ്യുന്നത് വിലക്കി ഹൈക്കോടതി; ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി
കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ ഹൈക്കോടതി ഇടപെടൽ. പുറത്താക്കിയവർക്കു പകരം പുതിയ അംഗങ്ങളെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നത് ഹൈക്കോടതി വിലക്കി. പുറത്താക്കപ്പെട്ട അംഗങ്ങളുടെ ഹർജിയിലാണ് നടപടി. വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ മുൻപു വിളിച്ച സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്ന 2 സിൻഡിക്കറ്റ് അംഗങ്ങൾ ഉൾപ്പെടെ 15 പേരെയാണ് ഗവർണർ പുറത്താക്കിയത്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് രജിസ്റ്റ്രാർ കൈമാറിയിരുന്നു.
ഗവർണർ നിർദേശിച്ചിട്ടും സർവകലാശാല വിജ്ഞാപനം ഇറക്കാതിരുന്നതോടെ, കഴിഞ്ഞദിവസം രാജ്ഭവൻ തന്നെ ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. നിലവിലെ വിസി മഹാദേവൻ പിള്ള തിങ്കളാഴ്ച വിരമിക്കും. താൽക്കാലിക ചുമതല ലഭിക്കുന്ന വിസിയുടെ അധ്യക്ഷതയിലാവും അടുത്ത സെനറ്റ് യോഗം.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രചാരണം നടത്താനൊരുങ്ങി എൽഡിഎഫ്. മന്ത്രിമാരെ പുറത്താക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തിന് എതിരെയാകും പ്രചാരണം. പരിപാടികൾ ആലോചിക്കാൻ എൽഡിഎഫ് യോഗം വിളിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
അതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കി ഗവർണർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സെനറ്റംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.
ഉത്തരവിറക്കാൻ വൈസ് ചാൻസലർ തയ്യാറാകാത്തതിനെ തുടർന്നാണ് രാജ്ഭവൻ ഉത്തരവിറക്കിയത്. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഉത്തരവ് ഇറക്കണമെന്ന ഗവർണറുടെ അന്ത്യശാസനം കേരള സർവകലാശാല തള്ളിയതോടെയാണ് ഗവർണർ വീണ്ടും അസാധാരണ നടപടിയിലേക്ക് കടന്നത്. വിസി ശബരിമല ദർശനത്തിന് പോയതാണെന്നും മറ്റാർക്കും ചുമതല നൽകാത്തതിനാൽ ഉത്തരവിറക്കാനാവില്ലെന്നുമായിരുന്നു സർവകലാശാലയുടെ മറുപടി.
ഗസറ്റ് വിജ്ഞാപനം ഇറക്കിയാണ് രാജ്ഭവൻ ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചത്. ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ നേരത്തെ പിൻവലിച്ചത്. 15 അംഗങ്ങളെ ഗവർണർ പുറത്താക്കിയെങ്കിലും വിസിയായിരുന്നു വിജ്ഞാപനമിറക്കേണ്ടത്.എന്നാൽ ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഉത്തരവിൽ അവ്യക്തതയും നിയമ പ്രശ്നവും ഉള്ളതിനാൽ നടപ്പാക്കാൻ സാധിക്കില്ലെന്നായിരുന്നു വിസിയുടെ നിലപാട്. നവംബർ നാലിന് സെനറ്റ് യോഗം ചേരുമ്പോൾ ഈ അംഗങ്ങൾക്ക് ഇനി പങ്കെടുക്കാൻ കഴിയില്ല. ഗവർണറുടെ നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.