കൊച്ചി: കെ എസ് ആർ ടി സിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താം. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഈ റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾക്ക് തൽക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിലവിലുള്ള പെർമിറ്റ് പുതുക്കാനുള്ള നടപടികളും സ്വീകരിക്കാം. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുള്ളവയ്ക്ക് ഉത്തരവ് തിരിച്ചടിയാകും. ദീർഘദൂര റൂട്ടുകളിലെ കെ എസ് ആർ ടി സിയുടെ കുത്തകയ്ക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ദീർഘദൂര റൂട്ടുകളിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്നവർക്ക് അന്തിമ ഉത്തരവ് വരും വരെ തുടരാം.

അതേസമയം, ടേക്കോവർ റൂട്ടുകളിൽ ഇന്നലെ കെ എസ് ആർ ടി സി നിരക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. 30 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിന് മുകളിൽ ദൂരമുള്ള റൂട്ടുകളിൽ പുതിയതായി തുടങ്ങിയ ടേക്ക് ഓവർ ബസുകൾക്കാണ് ഇത് ബാധകമാകുക.

കെ എസ് എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സർവ്വീസുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകര്യ ബസുകൾ സർവീസ് നടത്തുന്നെന്ന പരാതികൾ ലഭിച്ചിരുന്നതായി അധികൃതർ പറയുന്നു. ഇത്തരം സർവ്വീസുകൾ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെ എസ് എസ് ആർ ടി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്.

ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 % നിരക്ക് ഇളവ് പ്രഖ്യാപിക്കുകയാണെന്നും കെ എസ് ആർ ടി ടി സി അറിയിച്ചു.

അനധികൃതമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ നേരിടാനാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നു. നിരക്കിളവ് പ്രഖ്യാപിക്കുന്നതോടെ, ദീർഘദൂര യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് അടുപ്പിക്കാൻ സാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ. കൂടാതെ സ്വകാര്യ ബസുകളുടെ അനധികൃത സർവീസിന് തടയിടാനും ഇതുവഴി സാധിക്കുമെന്നും കെഎസ്ആർടിസി കണക്കുകൂട്ടുന്നു.