- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ വർഗ്ഗീസിന് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ല; ഗവേഷണകാലം അദ്ധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്നും യുജിസി സത്യവാങ്മൂലം; കണ്ണൂർ സർവകലാശാല നിയമന സ്റ്റേ നീട്ടി ഹൈക്കോടതി; പ്രിയയ്ക്ക് വീണ്ടും തിരിച്ചടി
കൊച്ചി: അദ്ധ്യാപന നിയമനക്കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് വീണ്ടും തിരിച്ചടി. പ്രിയാ വർഗീസിന്റെ നിയമന സ്റ്റേ ഒക്ടോബർ 20 വരെ നീട്ടി. പ്രിയാ വർഗീസിന് എട്ട് വർഷത്തെ അദ്ധ്യാപന പരിചയം ഇല്ലെന്ന് യുജിസി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഗവേഷണകാലം അദ്ധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി. യുജി സി ക്കു വേണ്ടി ഡൽഹിയിലെ യൂജിസി എഡ്യൂക്കേഷൻ ഓഫീസറാണ് സത്യവാങ്മൂലം നൽകിയത്.
കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രഫസർ റാങ്ക് പട്ടികയിൽനിന്നുള്ള നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രിയാ വർഗീസിന്റെ നിയമനം നേരത്തെ ഗവർണർ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നാംറാങ്ക് ലഭിച്ച പ്രിയാ വർഗീസിനെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് കോടതിയെ സമീപിച്ചത്.
പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യതയായ എട്ടുവർഷത്തെ അദ്ധ്യാപനപരിചയമില്ലെന്നാണ് ഹർജിക്കാരന്റെ വാദം. സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അദ്ധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടുള്ളുവെന്ന് യുജിസി സത്യവാങമൂലത്തിൽ പറഞ്ഞിട്ടുണ്ട്. സർവ്വകലാശാല ചട്ടങ്ങളും സർക്കാർ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗമാണ്.
ഗവേഷണകാലവും, സ്റ്റുഡന്റസ് സർവീസ് ഡയറ ക്റ്റർ കാലയളവും ഒഴിവായാൽ, ഏട്ടു വർഷത്തെ അദ്ധ്യാപന പരിചയത്തിന് പകരം ഹർജ്ജിയിൽ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ള മൂന്നര വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണ് പ്രിയവർഗീസിനുള്ളത്. എതിർ സത്യവാങ്മൂലം നൽകാൻ പ്രിയ വർഗീസിന് കോടതി സമയം അനുവദിച്ചു. നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
ഗവർണർ, സർവ്വകലാശാല,പ്രിയ വർഗീസ്, ഹർജിക്കാരൻ എന്നിവർക്കുവേണ്ടി സീനിയർ അഭിഭാഷകരും യുജിസി വേണ്ടി സ്റ്റാൻഡിങ് കൗൺസലും കോടതിയിൽ ഹാജരായി.