കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ സ്വപ്‌ന സുരേഷിന് കോടതിയിൽ തിരിച്ചടി. തന്നെ കൊച്ചിയിൽ ചോദ്യംചെയ്യാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോവാനാവില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

തളിപ്പറമ്പിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നല്കിയിരുന്നത്. കണ്ണൂരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. പരാതിയുണ്ടെങ്കിൽ അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണം. ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച തീയതി കഴിഞ്ഞതിനാൽ പുതിയ നോട്ടീസ് നൽകാം.

നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ എം വി ഗോവിന്ദൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു ഫേസ്‌ബുക്ക് ലൈവിലൂടെ സ്വപ്ന ആരോപിച്ചത്. പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് പിന്മാറിയാൽ 30 കോടി രൂപ നൽകാമെന്നു ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ള മുഖേന എം വിഗോവിന്ദൻ അറിയിച്ചുവെന്നായിരുന്നു ആരോപണം. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു