കൊച്ചി: മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റ്റീസ് വിജി അരുണിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വെള്ളിയാഴ്ച വിശദ വാദം കേൾക്കും. ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല.

കന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജൻ നൽകിയ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയക്കെതിരെ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. എന്നാൽ ഷാജൻ സ്‌കറിയ യാതൊരുവിധ ജാതി അധിക്ഷേപവും നടത്തിയിരുന്നില്ല എന്ന കാര്യമാണ് അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

എംഎൽഎക്കെതിരെ രാഷ്ട്രീയ വിമർശനം നടത്തിയതിന്റെ പേരിൽ പട്ടികജാതി അതിക്രമം തടയൽ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നാണ് വാദം. എന്നാൽ ഈ വകുപ്പു നിലനിൽക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഹൈക്കോടതിയിൽ ഷാജൻ സ്‌കറിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ അഡ്വ. വിജയഭാനു ഹാജരായി.