കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ച് വാദം കേട്ടത്. പി.വി. ശ്രീനിജിൻ എംഎ‍ൽഎയുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യം തേടിയത്.

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ നൽകിയ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് എളമക്കര പൊലീസ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്. തുടർന്നാണ് ഷാജൻ മുൻകൂർ ജാമ്യഹർജി നൽകിയത്. ഹൈക്കോടതിയിൽ ഇന്ന് നടന്ന വാദത്തിൽ ഷാജൻ സ്‌കറിയ ചെയ്ത വാർത്ത ദളിത് പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല എന്ന് ഷാജൻ സ്‌കറിയയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ വിവിധ കോടതികൾ നടത്തിയ വിധികളും പരാമർശനങ്ങളും അഭിഭാഷകൻ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.

അതേസമയം ഷാജൻ സ്‌കറിയക്ക് ജാമ്യം നൽകരുത് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇരുവാദങ്ങളും കേട്ട കോടതി തുടർന്ന് ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കേസിൽ നേരത്തെ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.

ഹൈക്കോടതിയിൽ ഷാജൻ സ്‌കറിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വിജയഭാനു ഹാജരായി.