- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് അനാവശ്യ തിടുക്കം; അടിയന്തരമായി കസ്റ്റഡിയിൽ എടുത്തുചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റം കേസിനില്ല; ദുരുദ്ദേശ്യം വ്യക്തം; ജില്ലാ കോടതി കേസ് പരിഗണിക്കുമ്പോൾ അറസ്റ്റ് കോടതിയെ പരിഹസിക്കുന്നതിന് തുല്യം; തൃക്കാക്കര പൊലീസിന് രൂക്ഷ വിമർശനം
കൊച്ചി: തൃക്കാക്കര പൊലീസെടുത്ത കേസിൽ,( ബിഎസ്എൻഎൽ ടെലിഫോൺ ബിൽ ഫോർജറി) ഷാജൻ സ്‌കറിയയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് അഡീഷണൽ സെഷൻസ് കോടതി പൊലീസിന് എതിരെ ഉന്നയിച്ചത് രൂക്ഷ വിമർശനം. ഹൈക്കോടതി നിർദ്ദേശപ്രകാരം, നിലമ്പൂരിലെ കേസിൽ, നിലമ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ രാവിലെ 10 മണിക്കാണ് ഹാജരാകേണ്ടിയിരുന്നത്. നിലമ്പൂരിൽ ഷാജൻ സ്‌കറിയ എത്തിയപ്പോൾ 10.25 ഓടെയാണ് തൃക്കാക്കര കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജനെ കസ്റ്റഡിയിലെടുത്തത്. നിലമ്പൂർ കേസിൽ അന്വേഷണം വൈകുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിലമ്പൂർ എസ്എച്ച്ഒയുടെ മുന്നിൽ ഹാജരാകാൻ പരാതിക്കാരനായ ഷാജൻ സ്‌കറിയയോട് ആവശ്യപ്പെട്ടത്. എന്നാൽ, സ്‌റ്റേഷനിൽ കീഴടങ്ങി അരമണിക്കൂറിനുള്ളിലോ, സ്‌റ്റേഷനിലെത്തും മുമ്പോ പരാതിക്കാരനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇേെതാടെ നിലമ്പൂർ സിഐക്ക് പരാതിക്കാരനെ ചോദ്യം ചെയ്യാൻ മതിയായ അവസരം കിട്ടിയില്ലെന്ന് കോടതി വിധിയിൽ പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകുമ്പോൾ, തന്നെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കുമെന്നാകും പരാതിക്കാരൻ പ്രതീക്ഷിക്കുക. ഹൈക്കോടതി ഉത്തരവിന്റെ സംരക്ഷണം ഉണ്ടെന്ന ഉത്തമവിശ്വാസത്തിലാണ് അയാൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുന്നത്.
മറ്റൊരു കേസിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഒരാൾ പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങുകയോ, പൊലീസിന് മുമ്പാകെ കീഴടങ്ങുകയോ ചെയ്യുമ്പോൾ അയാളെ അറസ്റ്റ് ചെയ്യുന്നത് മറ്റൊന്നുമല്ല, കോടതി നടപടികളെ പരിഹസിക്കുന്നതിന് തുല്യമാണ്. അത് വ്യക്തമായും നിയമത്തിന്റെ ദുരുപയോഗമാണ്. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമയം നീട്ടി ചോദിച്ച് പരാതി തീർപ്പാക്കുന്നത് വൈകിച്ചത് തന്നെ അന്വേഷണ ഏജൻസിയുടെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നതാണ്. ഇന്ന് കോടതി കേസ് 11 മണിക്ക് പരിഗണിക്കവേ, 10.25 ന് പരാതിക്കാരനെ കസ്റ്റഡിയിൽ എടുത്തെന്ന് റിപ്പോർട്ട് ചെയ്യുകയാണ്. ഇത് കോടതി പ്രക്രിയയുടെ തികഞ്ഞ ദുരുപയോഗമാണെന്നും ജഡ്ജി പി കെ മോഹൻദാസ് ഉത്തരവിൽ പറഞ്ഞു.
ടെലിഫോൺ ബിൽ വ്യാജമായി ഉണ്ടാക്കി എന്നതാണ് പരാതിക്കാരന് എതിരായ കേസ്. 2018 ൽ നടന്ന സംഭവത്തിൽ കേസെടുത്തത് മൂന്നാം കക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. രജിസ്ട്രാർ ഓഫ് കമ്പനീസ് പരാതിയൊന്നും നൽകിയിട്ടില്ല. പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ തക്ക ഗുരുതര കുറ്റകൃത്യമല്ല ഇത്. കേസിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം ഉണ്ടെന്നും തോന്നുന്നില്ല. പരാതിക്കാരനെ കസ്റ്റഡിയിൽ എടുത്ത രീതി നോക്കുമ്പോൾ, അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടി.
പരാതിക്കാരനായ ഷാജൻ സ്‌കറിയയെ ചോദ്യം ചെയ്യലിന് ശേഷം ഇന്നുതന്നെ വിട്ടയ്ക്കണം. 50,000 രൂപയുടെ ജാമ്യ തുകയ്ക്ക് വിട്ടയ്ക്കാം. കേസിൽ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യും വരെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ആവശ്യാനുസരണം ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
രണ്ടുമണിക്കൂറോളം വാദം കേട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്. ഷാജൻ സ്‌കറിയയ്ക്ക് വേണ്ടി അഡ്വ.ശ്യാം ശേഖർ, അഡ്വ.അനിൽ എന്നിവരാണ് കോടതിയിൽ ഹാജരായത്.
കൊച്ചിയിൽ കോടതിയിൽ കേസ് പരിഗണിക്കുന്ന അതേ സമയത്ത് തന്നെയാണ് നിലമ്പൂരിൽ ഷാജന അറസ്റ്റ് ചെയ്യാൻ തൃക്കാക്കര പൊലീസ് എത്തിയത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബിഎസ്എൻഎൽ കേസിലായിരുന്നു അറസ്റ്റ്.
നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്. ഈ കേസിൽ ഷാജന് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ പരാതിക്കാരന്റെ വാദം പൊള്ളയാണെന്ന് കണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
മറുനാടന് മലയാളി ബ്യൂറോ