- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കര പൊലീസ് നിലമ്പൂരിൽ നിന്നും കൊച്ചിയിലേക്ക് പാഞ്ഞുവന്നപ്പോഴേക്കും ഷാജൻ സ്‌കറിയയ്ക്ക് ജാമ്യം; കേസ് നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ച് ജില്ലാ കോടതി; ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കാൻ ഉത്തരവ്; കേസിൽ രണ്ടുമണിക്കൂറോളം നീണ്ട വാദം; തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തി മറുനാടൻ മലയാളി എഡിറ്ററെ അറസ്റ്റ് ചെയ്തത് കോടതി കേസ് പരിഗണിക്കുന്നതിനിടെ
കൊച്ചി: ബിഎസ്എൻഎല്ലിന്റെ പേരിൽ ബിൽ തയ്യാറാക്കി എന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് ജാമ്യം. ഈ കേസിൽ എറണാകുളം ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച് തീർപ്പാക്കിയത്. കേസിൽ ഷാജനെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിടാനാണ് കോടതി ഉത്തരവിട്ടത്. രാവിലെ 10.30 യോടെ ജസ്റ്റിസ് പി കെ മോഹൻദാസിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടുമണിക്കൂറോളം വാദം കേട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്. കേസ് നിലനിൽക്കുന്നതല്ലെന്ന് വാദമധ്യേ കോടതി നിരീക്ഷിച്ചു. ഷാജൻ സ്‌കറിയയ്ക്ക് വേണ്ടി അഡ്വ.ശ്യാം ശേഖർ, അഡ്വ.അനിൽ എന്നിവരാണ് കോടതിയിൽ ഹാജരായത്.
കൊച്ചിയിൽ കോടതിയിൽ കേസ് പരിഗണിക്കുന്ന അതേ സമയത്ത് തന്നെയാണ് നിലമ്പൂരിൽ ഷാജന അറസ്റ്റ് ചെയ്യാൻ തൃക്കാക്കര പൊലീസ് എത്തിയത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബിഎസ്എൻഎൽ കേസിലായിരുന്നു അറസ്റ്റ്.
നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്. ഈ കേസിൽ ഷാജന് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ പരാതിക്കാരന്റെ വാദം പൊള്ളയാണെന്ന് കണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
കൊച്ചിയിൽ ഷാജനെ കൊണ്ടുവന്ന പൊലീസ് ഷാജൻ എവിടെയെന്ന വിവരം നൽകാതിരുന്നത് പരിഭ്രാന്തി പരത്തിയിരുന്നു. ആലുവ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം ഷാജനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ഒരുങ്ങിയെങ്കിലും അവിടുത്തെ ജനബാഹുല്യം കണക്കിലെടുത്ത് കളമശേരി സ്‌റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
നിലമ്പൂരിൽ വച്ച് ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്യാൻ വേണ്ടി സംസ്ഥാന തലത്തിൽ നടന്ന ഗൂഢാലോചനയിൽ മുഖ്യ കണ്ണിയായത് 24 ന്യൂസ് ചാനലിന്റെ ഡൽഹി ബ്യൂറോ ചീഫ് ആർ രാധാകൃഷ്ണനാണെന്നാണ് ആരോപണം. മറുനാടൻ എഡിറ്റർക്കെതിരെ കള്ളപ്പരാതി നൽകിയത് ശ്രീകണ്ഠൻ നായരുടെ ചാനലിന്റെ ഡൽഹിയിലെ ചുമതലക്കാരനാണ്. ഷാജൻ സ്‌കറിയക്കെതിരെ തൃക്കാക്കര പൊലീസിൽ കള്ളപ്പരാതി നൽകിയത് രാധാകൃഷ്ണനായിരുന്നു.
ഷാജൻ സ്‌കറിയയ്ക്ക് യാതൊരു അറിവുപോലുമില്ലാത്ത സംഭവത്തിലാണ് രാധാകൃഷ്ണൻ കള്ളപ്പരാതി നൽകിയത്. ബിഎസ്എൻഎൽ ബില്ലുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ നൽകിയ പരാതി ഡൽഹി സബ് കോടതി രണ്ട് തവണ തള്ളിയിരുന്നു. ഷാജൻ സ്‌കറിക്കെതിരായ വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടിയാണ് രാധാകൃഷ്ണൻ പരാതിയുമായി രംഗത്തുവന്നത്. ആദ്യം നൽകിയ പരാതി കോടതി തള്ളിയതോടെ വീണ്ടും ഷാജനെതിരെ റിവ്യൂ പെറ്റീഷൻ നൽകിയിരുന്നു ഇയാൾ. എന്നാൽ ആ പരാതിയും കോടതി തള്ളിയതോടെയാണ് പി വി അൻവറിന്റെ നേതൃത്വത്തിൽ മറുനാടനെ പൂട്ടിക്കാൻ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായി രാധാകൃഷ്ണൻ മാറിയത്.
രണ്ട് തവണ ഡൽഹി കോടതി തള്ളിയ പരാതിയുമായി രാധാകൃഷ്ണൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ രാഷ്ട്രീയ സമ്മർദ്ദത്താൽ ഷാജൻ സ്‌കറിയക്കെതിരെ കള്ളക്കേസെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനായിരുന്നു രാധാകൃഷ്ണൻ പരാതി നൽകിയത്. ഇമെയിൽ വഴി നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അതിവേഗ നടപടികളും ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസ് തൃക്കാക്കര പൊലീസിന് പരാതി കൈമാറുകയും രാഷ്ട്രീയ സമ്മർദ്ദത്താൽ കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായത്.
ഈ കേസിലാണ് ഇപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. നേരത്തെ മറ്റു കേസുകളിൽ ഷാജന് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റു പാടുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച മറ്റു കേസിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായതിന് ശേഷമാണ് കാത്തു നിന്ന തൃക്കക്കര പൊലീസ് ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്തത്.
സംസ്ഥാന തലത്തിൽ വലിയ ഗൂഢാലോചന തന്നെ ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്നത വ്യക്തമാണ്. നേരത്തെ ഹൈക്കോടതി നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചതിന് പിന്നാലെ പി വി അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. സർക്കാർ തലത്തിലുള്ള സമ്മർദ്ദം കൂടിയായപ്പോൾ കള്ളക്കേസിൽ അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്. നേരത്തെ മറുനാടൻ ഓഫീസ് പൂട്ടിക്കുമെന്ന് ഭീഷിപ്പെടുത്തി അൻവർ നിരന്തരം രംഗത്തുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി മറുനാടനെതിരെ അൻവർ നടത്തിയ ഗൂഢാലോചനയുടെ തെളിവുകൾ പൊതുസമൂഹത്തിന് മുൻപിലുണ്ട്.
ഇന്ന് മുതൽ ആറ് ദിവസത്തേക്ക് കോടതി അവധിയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ആസൂത്രിതമായാണ് ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഷാജൻ സ്‌കറിയയെ അഴിക്കുള്ളിലാക്കുക എന്ന ഭരണകൂടത്തിന്റെ താൽപ്പര്യമാണ് ഇതിൽ തെളിയുന്നത്. അറസ്റ്റ് അന്യായമാണെന്നും പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും ഷാജൻ സ്‌കറിയ വ്യക്തമാക്കിയിട്ടുണ്ട്. മറുനാടൻ മലായാളിക്കെതിരെ ഇപ്പോൾ നടക്കുന്നത് വേട്ടയാടലാണെന്ന വികാരം പൊതുസമൂഹത്തിലും ശക്തമാണ്. എതിർക്കുന്നവരെ നിശബ്ധരാക്കാൻ വേണ്ടി സർക്കാർ തലത്തിൽ വലിയ ശ്രമം തന്നെ നടക്കുന്നു എന്നതിന്റെ തെളിവാണ് മറുനാടനെതിരെ ഇപ്പോഴത്തെ കേസും.
മറുനാടന് മലയാളി ബ്യൂറോ