- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി; യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാകാതെ മലയാളി മാധ്യമ പ്രവർത്തകൻ
ലഖ്‌നോ: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നോ കോടതി തള്ളി. സിദ്ദീഖ് കാപ്പനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. യു.എ.പി.എ കേസിൽ കാപ്പന് സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന് ഇ.ഡി കേസിൽകൂടി ജാമ്യം ലഭിച്ചാലേ ജയിൽ മോചിതനാകാൻ സാധിക്കുകയുള്ളൂ. ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലേക്കു പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. തുടർന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു.
രണ്ടു വർഷം ജയിലിൽ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ മാസം ഉപാധികളോടെ ജാമ്യം നൽകിയെങ്കിലും ഇ.ഡി കേസ് കാരണം പുറത്തിറങ്ങാനായില്ല. ഇതേ കേസിൽ ജാമ്യം ലഭിച്ച കാപ്പൻ യാത്രചെയ്ത വാഹനത്തിന്റെ ഡ്രൈവർക്കും ഇ.ഡി കേസുള്ളതിനാൽ ജയിൽമോചനം സാധ്യമായിട്ടില്ല.