- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്ച ഡൽഹിയിൽ തങ്ങണം; അന്വേഷണം പൂർത്തിയാക്കിയാൽ കേരളത്തിലേക്ക് മടങ്ങാം; വിചാരണയ്ക്ക് യുപിയിൽ ഹാജരാകണം; മലയാളി മാധ്യമ പ്രവർത്തകന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം; തള്ളുന്നത് യുപി സർക്കാരിന്റെ വാദങ്ങളെ; ഇഡി കേസിലും ജാമ്യം കിട്ടിയാൽ മാത്രം കാപ്പന് മോചനം
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നൽകിയത്. ആറാഴ്ച ഡൽഹിയിൽ തങ്ങണം. അതിന് ശേഷം കേരളത്തിലേക്ക് വരാം. യുപി സർക്കാർ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ഉത്തരവ്. ആറാഴ്ചയ്ക്കകം കേസിൽ അന്വേഷണം യുപി പൊലീസ് പൂർത്തിയാക്കണം. സിദ്ദിഖ് കാപ്പനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുണ്ട്. ഈ കേസിൽ ജാമ്യം കിട്ടിയാൽ മാത്രമേ മോചനം സാധ്യമാകൂ.
എന്നാൽ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തി ഇഡി കേസിലും ജാമ്യത്തിന് മുമ്പോട്ട് പോകാമെന്ന് സുപ്രീംകോടതി വിശദീകരിക്കുന്നു. അതിന്റെ സൂചന ഉത്തരവിലുമുണ്ട്. അതുകൊണ്ട് ഈ കേസിൽ ജാമ്യം കിട്ടിയാൽ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തു വരാൻ കഴിയൂ. എന്നാൽ ജാമ്യം കൊടുക്കണമെന്ന സൂചനകൾ ഈ വിധിയിലുണ്ട്. അതിനുള്ള നടപടികൾ ഉടൻ കാപ്പന്റെ അഭിഭാഷകർ തുടങ്ങും. ദിവസങ്ങൾക്കുള്ളിൽ ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.
അന്വേഷണം പൂർത്തിയായ ശേഷം ജാമ്യം അനുവദിച്ചാൽ മതിയെന്ന യുപി സർക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കേരളത്തിൽ എത്തിയാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നൽകാത്ത സാഹചര്യത്തിൽ കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസംം സത്യവാങ്മൂലം നൽകിയിരുന്നു. 2020 ഒക്ടോബർ അഞ്ചിനാണ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് കാപ്പന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ഹർജി വെള്ളിയാഴ്‌ച്ച പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു. അങ്ങനെയാണ് കോടതി ഈ കേസ് എടുത്തത്. എന്തുകൊണ്ടാണ് ജാമ്യാപേക്ഷ നൽകാൻ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിക്കാൻ വൈകിയത് കാരണമാണ് വൈകിയതെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ അറിയിച്ചു. തുടർന്നാണ് വെള്ളിയാഴ്‌ച്ച ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
യുഎപിഎ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുകയായിരുന്നു. നേരത്തെ കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ ജസ്റ്റിസ് കൃഷ്ണ പഹാൽ തള്ളിയിരുന്നു. സിദ്ദിഖ് കാപ്പനും കൂട്ടാളികളും കളങ്കിത പണം ഉപയോഗിച്ചുവെന്ന വാദം തള്ളിക്കളയാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവിൽ പരാമർശിച്ചിരുന്നു. ഹാത്രസിൽ കാപ്പന് ഒരു ജോലിയും ഇല്ലായിരുന്നുവെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, കാപ്പന്റെ കൂട്ട് പ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. മുഹമ്മദ് ആലം തീവ്രവാദ പ്രവർത്തനത്തിൽ ഏർപെട്ടതിനോ, രാജ്യത്തിനെതിരെ പ്രവർത്തിച്ചതായോ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ കൂട്ടുപ്രതി സിദ്ദിഖ് കാപ്പനിൽ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
നേരത്തെ, ഉത്തർപ്രദേശിലെ മഥുര കോടതിയും കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണസംഘം കണ്ടെത്തിയ വസ്തുതകൾ കണക്കിലെടുത്താണ് മഥുര കോടതി ജാമ്യാപേക്ഷ തള്ളിയത്. ഹാഥ്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ അറസ്റ്റിലാകുന്നത്. യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാപ്പന്റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയിൽ യുപി സർക്കാർ എതിർത്തിരുന്നു.
സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായും കാമ്പസ് ഫ്രണ്ടുമായും അടുത്ത ബന്ധമെന്ന് യുപി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിന് തുർക്കിയിലെ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും യുപി സർക്കാർ വ്യക്തമാക്കിയിരുന്നു. സിദ്ദിഖ് കാപ്പൻ തേജസ് ദിനപത്രത്തിൽ പ്രവർത്തിച്ചതാണ് പോപ്പുലർ ഫ്രണ്ടുമായുുള്ള ബന്ധത്തിന് ഒരു തെളിവായി യുപി സർക്കാർ വിശദീകരിക്കുന്നത്. അറസ്റ്റിലാകുമ്പോൾ സിദ്ദിഖ് കാപ്പന്റെ കൈവശം തേജസ് പത്രത്തിന്റെ രണ്ടു ഐഡി കാർഡുകളും വാഹനത്തിൽ ചില ലഘുലേഖകളും ഉണ്ടായിരുന്നു.