ന്യൂഡൽഹി: മോദി സർനെയിം കേസിൽ, എംപി പദവി നഷ്ടമായതിന് പിന്നാലെ രാഹുൽ ഗാന്ധി കൂടുതൽ കുരുക്കുകളിലേക്ക് നീങ്ങുകയാണ്. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് രാഹുൽ തിരികെ നൽകിയിരുന്നു. പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ച രാഹുലിന് പാരയായി നാഷണൽ ഹെറാൾഡ് കേസ് മാറിയേക്കും. കേസിൽ സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതിക്കാരൻ.

സാധാരണ പാസ്‌പോർട്ടിനായി എൻഒസിക്ക് വേണ്ടിയാണ് രാഹുൽ ഡൽഹി റോസ് അവന്യു കോടതിയെ സമീപിച്ചത്. ഈ കേസിൽ മെയ് 26 ന് വാദം കേൾക്കും. സുബ്രഹ്‌മണ്യം സ്വാമിയുടെ വാദങ്ങളാണ് അന്ന് കേൾക്കുക. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വൈഭവ് മേത്തയാണ് വാദം കേൾക്കുക.

എതിർപ്പില്ലാ പത്രം തേടിയുള്ള ഹർജിയിൽ, രാഹുലിന് എതിരെ ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, സ്വാമിക്ക് മറുപടി ഫയൽ ചെയ്യാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ 2015 ഡിസംബർ 19 ന് രാഹുലിനും മറ്റുള്ളവർക്കും ജാമ്യം അനുവദിച്ചിരുന്നു. രാഹുലിന് പുറമേ, സോണിയ ഗാന്ധി, മറ്റുഡയറക്ടർമാരായ മോത്തിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്, സുബൻ ദുബെ, സാം പിത്രോദ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. നാഷണൽ ഹെറാൾഡ് കേസിലെ കള്ളപ്പണ ആരോപണം ഇഡി അന്വേഷിച്ചുവരികയാണ്.

അമേരിക്കൻ യാത്രക്ക് മുന്നോടിയായാണ് രാഹുൽ ഗാന്ധി പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകിയത്. രാഹുലിനെ വിദേശത്ത് പോകാൻ അനവദിച്ചാൽ നാഷണൽ ഹെറാൾഡ് കേസിനെ ബാധിക്കുമെന്നാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ വാദം. കേസിൽ രേഖാമൂലം മറുപടി നൽകാനാണ് കോടതി സ്വാമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ഏപ്രിലിൽ സ്വാമിയുടെ പരാതിയിൽ രാഹുൽ ബ്രിട്ടീഷ് പാസ്‌പോർട്ട് അനധികൃതമായി കൈവശം വയ്ക്കുന്നതിന് എതിരെ കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു. ഒരുബ്രിട്ടീഷ് കമ്പനിയുടെ ഡയറക്ടർ എന്ന നിലയിലുള്ള രേഖകളിൽ തനിക്ക് ബ്രീട്ടീഷ് പൗരത്വമുണ്ടെന്നും, ലണ്ടനിൽ വീട്ടുമേൽവിലാസം ഉണ്ടെന്നും രാഹുൽ കാട്ടിയതായാണ് സ്വാമി ആരോപിക്കുന്നത്. ഇന്ത്യയിലും, ബ്രിട്ടനിലും ഇറ്റലിയിലും പല പാസ്‌പോർട്ടുകൾ കൈവശം വയ്ക്കുന്നതിനും,നിരവധി വിദേശ ബാങ്കുകളിൽ അക്കൗണ്ട് സൂക്ഷിക്കുന്നതിനും നേരത്തെ രാഹുലിന് എതിരെ സ്വാമി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിഷയത്തിൽ കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം തേടണമെന്നാണ് കോടതിക്ക് പുറത്ത് സുബ്രഹ്‌മണ്യം സ്വാമി ആവശ്യപ്പെട്ടത്.