ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, ശശി തരൂർ എംപിയെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി ഉത്തരവിന് എതിരെ ഹൈക്കോടതിയിൽ ഡൽഹി പൊലീസ് അപ്പീൽ നൽകി. 2014 ജനുവരി 17 നാണ് ഡൽഹിയിലെ പക്ഷനക്ഷത്ര ഹോട്ടലിന്റെ സ്യൂട്ട് മുറിയിൽ സുനന്ദ പുഷ്‌കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാ പ്രേരണയ്ക്കും, ഗാർഹിക പീഡന കൂറ്റത്തിനുമാണ് 2018 മെയിൽ ഡൽഹി പൊലീസ് തരൂരിന് എതിരെ കുറ്റപത്രം നൽകിയത്. എന്നാൽ, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, പ്രത്യേക സിബിഐ കോടതി തിരുവനന്തപുരം എംപിയെ കുറ്റവിമുക്തനക്കി. സുനന്ദയെ ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധം തരൂർ പ്രകോപനപരമായി പെരുമാറിയതായി തെളിവില്ലെന്ന് പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയൽ വിധിയിൽ പറഞ്ഞിരുന്നു.

സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് സിബിഐ കോടതിയുടെ 176 പേജുള്ള ഉത്തരവിൽ പറയുന്നത്. ആത്മഹത്യ സ്ഥിരീകരിച്ചാൽ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറഞ്ഞത്. തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിർബന്ധിക്കാനാകില്ല.

പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡോക്ടർമാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പറയുന്നില്ല. പിന്നയെങ്ങനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശശി തരൂരിനെ വിചാരണ ചെയ്യാനാകും. ഒരു വിലപ്പെട്ട ജീവൻ നഷ്ടമായെങ്കിലും ഇതിൽ എന്തെങ്കിലും തെളിവുകൾ മുന്നോട്ടുവെക്കാനില്ലാത്ത സാഹചര്യത്തിൽ ക്രിമനൽ നടപടി നേരിടണമെന്ന് തരൂരിനെ നിർബന്ധിക്കാനാകില്ലെന്നും റോസ് അവന്യു കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

അപ്പീൽ ഫയൽ ചെയ്യുന്നതിൽ 15 മാസത്തെ കാലതാമസം ഉണ്ടെയാന്ന് തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പാഹ്വ ഹൈക്കോടതിയിൽ വാദിച്ചു. പരാതിയുടെ പകർപ്പ് തങ്ങൾക്ക് കിട്ടിയിട്ടില്ല. പരാതിയുടെ പകർപ്പ് അയയ്ക്കാൻ അവർ തന്നെ സസ്‌പെൻഡ് ചെയ്ത ഇ മെയിൽ ഐഡി മനഃപൂർവം ഉപയോഗിച്ചുവെന്നും അഭിഭാഷകൻ പറഞ്ഞു. ഹർജിയുടെ പകർപ്പ് കേസുമായി ബന്ധമില്ലാത്ത മറ്റാർക്കും കൈമാറരുത് എന്ന തരൂരിന്റെ അഭിഭാഷകന്റെ ആവശ്യം ഡൽഹി ഹൈക്കോടതി അംഗീകരിച്ചു. ഡൽഹി പൊലീസ് ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം ഒരു ആവശ്യം തരൂരിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്.

അപ്പീൽ ഫയൽ ചെയ്യാൻ കാലതാമസം വരുത്തിയതിന് ഹൈക്കോടതി പൊലീസിന് കോണ്ടനേഷൻ നോട്ടീസ് അയച്ചു. ഫെബ്രുവരി 7 നാണ് ഇനി കേസ് പരിഗണിക്കുന്നത്.